ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 2നാണ് വാദം നടക്കുക. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. മുസ്ലിം ലീഗ്, സിപിഐ, ഡിഎംകെ, തമിഴ് വെട്രി കഴകം നേതാവും നടനുമായ വിജയ്, തൃണമൂൽ കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ്, ആർജെഡി, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി എന്നിവർ ഉൾപ്പെടെ നൽകിയ 73 ഹർജികളാണ് ഒന്നിച്ചു പരിഗണിക്കുക. ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജികൾ വാദിക്കുന്നത്. അടിയന്തര സ്റ്റേ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാൽ തങ്ങളുടെ വാദം കേൾക്കാതെ വിധി പ്രസ്താവിക്കരുതെന്ന് കേന്ദ്രസർക്കാരും കോടതിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണ, പ്രതിപക്ഷ സംസ്ഥാനങ്ങളും ചേരിതിരിഞ്ഞ് ഹർജികൾ സമർപ്പിച്ചിട്ടുണ്ട്. ബംഗാളും തമിഴ്നാടും എതിർത്തു ഹർജി നൽകിയപ്പോൾ ബിജെപി ഭരിക്കുന്ന അസം, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ അനുകൂല നിലപാടും കോടതിയെ അറിയിച്ചു.അതിനിടെ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും.
