ന്യൂഡൽഹി: ദാമ്പത്യജീവിതത്തിലെ തർക്കങ്ങൾ പറഞ്ഞു തീർക്കാൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയ്ക്കും ഭാര്യ പായൽ അബ്ദുല്ലയ്ക്കും സുപ്രീംകോടതി 3 ആഴ്ചത്തെ സമയം അനുവദിച്ചു. വിവാഹ മോചനം ആവശ്യപ്പെട്ട് ഒമർ നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. മേയ് 7ന് ഹർജി കോടതി വീണ്ടും പരിഗണിക്കും. ഒരുമിച്ചിരുന്ന് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ 3 ആഴ്ച കൂടി സമയം അനുവദിക്കുന്നതായി കോടതി വ്യക്തമാക്കുകയായിരുന്നു.
നേരത്തേ ഒമർ സമർപ്പിച്ച വിവാഹ മോചന ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. അപേക്ഷ തള്ളിയ കുടുംബകോടതി ഉത്തരവ് ശരിവച്ചായിരുന്നു ഇത്. പായൽ അബ്ദുല്ലയുടെ ക്രൂരതകളായി ഒമർ അബ്ദുല്ല നടത്തിയ ആരോപണങ്ങൾ അവ്യക്തമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ശാരീരികമോ മാനസികമോ ആയ ക്രൂരത എന്ന് വിളിക്കാവുന്ന ഒരു പ്രവൃത്തിയും തെളിയിക്കാൻ ഒമര്‍ അബ്ദുല്ലയ്ക്ക് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി.
ഡൽഹി ഒബ്റോയ് ഹോട്ടലിൽ മാർക്കറ്റിങ് ഓഫിസറായി ജോലി ചെയ്യുന്ന കാലത്താണ് ഇവിടെ ജോലി ചെയ്തിരുന്ന പായൽ നാഥിനെ ഒമർ പരിചയപ്പെടുന്നത്. ആർമി ഓഫിസറായിരുന്ന മേജർ ജനറൽ രാം നാഥിന്റെ മകളായിരുന്നു പായൽ. 1994ൽ ഇരുവരും റജിസ്റ്റർ വിവാഹം ചെയ്തു. 2011 ലാണ് പായലുമായി വേർപിരിയുന്നതായി ഒമർ പ്രഖ്യാപിച്ചത്. സഹീർ, സമീർ എന്നിങ്ങനെ രണ്ട് മക്കൾ ദമ്പതികൾക്കുണ്ട്.
