കോട്ടയം: എരുമേലി- ശബരിമല പാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. ബസ് മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മുപ്പതിലധികം തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബസിനടിയില്‍ കുടുങ്ങിയ ഒരു തീര്‍ത്ഥാടകന്റെ പരിക്ക് അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി. എരുമേലി പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. വാഹനത്തിലാകെ 33 യാത്രക്കാരാണുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.
