ഹരിയാന: അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതിനെ തുടര്‍ന്ന് കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ രവീണയാണ് ആണ്‍സുഹൃത്തായ സുരേഷുമായി ചേര്‍ന്ന് ഭര്‍ത്താവ് പ്രവീണിനെ കൊലപ്പെടുത്തിയത്. ഹരിയാനയിലെ ഭിവാനിയില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതി സുരേഷുമായി സൗഹൃദത്തിലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. യൂട്യൂബ് അക്കൗണ്ടിനായി വീഡിയോകള്‍ ചിത്രീകരിക്കാറുണ്ടായിരുന്ന സുരേഷുമായി ചേര്‍ന്ന് രവീണയും വീഡിയോകള്‍ ചെയ്തു തുടങ്ങി. എന്നാല്‍ പ്രവീണിന് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഇരുവരും ഒന്നിച്ച് വീഡിയോ ചെയ്യുന്നത് തുടരുകയായിരുന്നു. ഇവരുടെ ഹ്രസ്വ വീഡിയോകളിലൂടെയും ഡാന്‍സ് റീലുകളിലൂടെയും, രവീണ ഇന്‍സ്റ്റാഗ്രാമില്‍ 34,000-ത്തിലധികം ഫോളോവേഴ്സിനെ നേടി. മാര്‍ച്ച് 25-ന്, പ്രവീണ്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ സംശയകരമായ സാഹചര്യത്തില്‍ രവീണയെയും സുരേഷിനെയും ഒരുമിച്ച് കാണ്ടു. ഇത് പിന്നീട് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമാകുകയും ചെയ്തു. കാമുകനുമായുള്ള ബന്ധം ഭര്‍ത്താവ് പിടിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ രവീണ കൊല നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ രാത്രി രവീണയും സുരേഷും ചേര്‍ന്ന് ഒരു ഷാള്‍ ഉപയോഗിച്ച് പ്രവീണിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയി നഗരത്തിന് പുറത്തുള്ള ഒരു ഓടയില്‍ തള്ളുകയായിരുന്നു. വീണയും സുരേഷും പ്രവീണിന്റെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2017 ലായിരുന്നു രവീണയും പ്രവീണും തമ്മിലുള്ള വിവഹം. ഇരുവര്‍ക്കും ആറുവയസുള്ള ഒരു മകനുണ്ട്.
