മുംബൈ: ഐപിഎല്ലില്‍ ഒത്തുകളി നടത്താന്‍ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ബിസിസിഐ മുന്നറിയിച്ചു. ടീം ഉടമകള്‍ക്കും കളിക്കാര്‍ക്കും പരിശീലകര്‍ക്കും കോച്ചിങ് സ്റ്റാഫിനും കമന്റേറ്റര്‍മാര്‍ക്കും ഉള്‍പ്പെടെയാണ് മുന്നറിയിപ്പ്.
ടൂര്‍ണമെന്റില്‍ ഒത്തുകളി നടത്താന്‍ ശ്രമിച്ച ഹൈദരാബാദില്‍ നിന്നുള്ള ബിസിനസുകാരനെ തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇയാള്‍ക്കു ഒത്തുകളിക്കാരുമായി ബന്ധമുണ്ട്. ഇയാള്‍ ആരെയെങ്കിലും ബന്ധപ്പെട്ടാല്‍ ബിസിസിഐയെ വിവരം അറിയിക്കണം. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ബിസിസിഐ നിര്‍ദേശിച്ചു.
ആരാധകന്‍ ചമഞ്ഞ് ടീമുകള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ എത്തിയാണ് ഇയാള്‍ താരങ്ങളെയും മറ്റും കുടുക്കാന്‍ ശ്രമിക്കുന്നത്. താരങ്ങള്‍ക്കും കുടുംബത്തിനും വിലയേറിയ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് വലയിലാക്കുന്നതാണ് രീതിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഐപിഎല്ലിലെ പതിനെട്ടാമത് സീസണ്‍ പകുതിയോട ടുക്കുന്നതിനിടെയാണ് നിയമവിരുദ്ധമായ നടപടികളില്‍ ബിസിസിഐ ജാഗ്രത ശക്തമാക്കിയത്. നിലവില്‍ 6 കളികളില്‍ 8 പോയിന്റുള്ള ഗുജറാത്താണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 4 പോയിന്റുമായി ചെന്നൈ അവസാന സ്ഥാനത്തും.
