കാസര്‍കോട്:കാസര്‍കോട്ട് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമം. എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം തകര്‍ക്കാനാണ് ശ്രമം ഉണ്ടായത്. വിഷു ദിവസമായ തിങ്കളാഴ്ച രാത്രി ഒന്നേകാല്‍ മണിയോടെയാണ് സംഭവം. പണം സൂക്ഷിച്ചിട്ടുള്ള ഭാഗത്തെ ഡോര്‍ തകര്‍ത്താണ് കൊള്ളയ്ക്ക് ശ്രമിച്ചത്. ലക്ഷ്യം കാണാത്തതിനെ തുടര്‍ന്ന് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നു സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച കാര്യം ആദ്യം അറിഞ്ഞത്. അസിസ്റ്റന്റ് മാനേജര്‍ എ.കെ മിഥില നല്‍കിയ പരാതി പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.
ഇതിനിടയില്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് പരിസരത്തെ വ്യാപാര സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയ സംഭവവും ഉണ്ടായി. ആലംപാടി, ദാറുല്‍ നജാത്തിലെ നൗഷാദിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് മോഷണം നടന്നത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. വിഷു ദിവസമായ തിങ്കളാഴ്ച പുലര്‍ച്ചെ ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എന്‍മകജെ, ഇടിയടുക്കയിലെ കെ. അബ്ബാസ് അലിയുടെ വീട്ടില്‍ നിന്നു എട്ടുപവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും മോഷണം പോയിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ നിരീക്ഷണ ക്യാബിനില്‍ പൂട്ടിയിട്ട ശേഷം വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തു കടന്നാണ് കവര്‍ച്ച നടത്തിയത്. സംഭവ സമയത്ത് വീട്ടുടമസ്ഥനും കുടുംബവും മംഗ്‌ളൂരുവിലായിരുന്നു.
