കാസര്‍കോട്: ഫുട്‌ബോള്‍ കളിക്കുന്നതിനിടയില്‍ പന്ത് വീണ് പച്ചക്കറികള്‍ നശിച്ചതിനു വഴക്കു പറഞ്ഞ വിരോധത്തിലാണെന്നു പറയുന്നു, കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടുമതിലും കൃഷിയും തകര്‍ത്തു. കാഞ്ഞങ്ങാട്, ആവിക്കരയിലെ പരേതനായ ഡെപ്യൂട്ടി കളക്ടര്‍ ടി. കുഞ്ഞിക്കണ്ണന്റെ മകനും മുന്‍ പ്രവാസിയുമായ എ. ജയരാജന്റെ പരാതി പ്രകാരം പത്തു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ബല്ലയിലെ പ്രിയേഷ്, അജീഷ്, അനീഷ്, റഫീഖ് തുടങ്ങി പത്തു പേര്‍ക്കെതിരെയാണ് കേസ്.
വിഷു തലേന്ന് രാത്രി 12.30മണിയോടെ ഉണ്ടായ അക്രമ സംഭവത്തെക്കുറിച്ച് പരാതിക്കാരനായ എ ജയരാജന്‍ പറയുന്നത് ഇങ്ങനെ-”30 വര്‍ഷക്കാലം പ്രവാസിയായിരുന്നു. അസുഖത്തെത്തുടര്‍ന്നാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയത്. മംഗ്‌ളൂരുവിലെ ആശുപത്രിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ഇപ്പോള്‍. ഡോക്ടര്‍ നിദ്ദേശിച്ചതു പ്രകാരമാണ് ചെറിയ വ്യായാമം ആകുമല്ലോയെന്നു കരുതി വീട്ടിനു സമീപത്ത് ചെറിയ തോതില്‍ പച്ചക്കറി കൃഷി ചെയ്തു വരുന്നത്. കൃഷിയിടത്തിനു സമീപത്തു കുട്ടികള്‍ ഫുട്‌ബോള്‍ കഴിക്കാറുണ്ട്. കഴിഞ്ഞ ദിവസം കളിക്കുന്നതിനിടയില്‍ പന്തു വീണു പച്ചക്കറി തൈകള്‍ നശിക്കുകയും ഇതിന്റെ പേരില്‍ കുട്ടികളെ വഴക്കു പറയുകയും ചെയ്തിരുന്നു. ഈ വിരോധത്തിന്റെ പേരില്‍ ഒരു സംഘം ഭീഷണിപ്പെടുത്തി. അതിന്റെ തുടര്‍ച്ചയായിട്ടാണ് തിങ്കളാഴ്ച രാത്രി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയത്. മതില്‍ തകര്‍ക്കുകയും തെങ്ങിന്റെ അടിഭാഗം പാതി മുറിച്ചും മറ്റൊരു തെങ്ങിന്റെ ഓലകള്‍ പൂര്‍ണ്ണമായും വെട്ടി മാറ്റുകയും ചെയ്തു. കവുങ്ങുകളും നശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായത് കൊണ്ടാണ് അക്രമം നടത്തിയത്.”
സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തതായും അക്രമത്തില്‍ രണ്ടു ലക്ഷം രൂപയുടെ നാശ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
