നീലേശ്വരം: നാല് പതിറ്റാണ്ടായി ജനങ്ങള്‍ ആവശ്യപ്പെടുന്ന നീലേശ്വരം താലൂക്ക് കാര്യത്തില്‍ അധികൃതര്‍ പ്രകടിപ്പിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം ഉയരുന്നു. ഇടക്കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഹൊസ്ദുര്‍ഗ് തഹസിദാര്‍ യോഗം വിളിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയത് ജനങ്ങളില്‍ പ്രതീക്ഷയുയര്‍ത്തിയിരുന്നു. ഈ യോഗം നീലേശ്വരം താലൂക്ക് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ നിലച്ചു.
നീലേശ്വരം താലൂക്ക് അനുവദിച്ചാല്‍ താലൂക്ക് ഓഫീസിന് ആവശ്യമായ കെട്ടിടം ഉള്‍പ്പെടെ എല്ലാ സൗകര്യവും ചെയ്തു നല്‍കാന്‍ തയ്യാറാണെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നു. പതിനഞ്ചോളം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിനു ശേഷം രണ്ട് മാസം കഴിഞ്ഞു. പുതിയ സിവില്‍ സ്റ്റേഷന്‍ കെട്ടിടം പൂര്‍ത്തിയാകുന്നത് വരെ താലൂക്ക് ഓഫീസിനായി പുതിയ നഗരസഭാ ഓഫീസോ പഴയ നഗരസഭ ഓഫീസോ ഉപയോഗിക്കാവുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയ തഹസില്‍ദാര്‍ നീലേശ്വരം താലൂക്കിനായി അനുകൂല റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയതോടെ താലൂക്ക് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ താലൂക്ക് പ്രഖ്യാപനമുണ്ടാകാത്തതില്‍ ജനങ്ങള്‍ നിരാശയിലാണ്. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് മത്സരിച്ചു ജയിച്ച നീലേശ്വരം മണ്ഡലത്തിന്റെ പെരുമ നിലനിര്‍ത്താന്‍ നീലേശ്വരം താലൂക്ക് രൂപീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതിനായി അദ്ദേഹം കമ്മിഷനെ നിയമിച്ചിരുന്നു. പിന്നീട് കാസര്‍കോട് ജില്ല രൂപീകരിക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനും നീലേശ്വരം താലൂക്ക് രൂപീകരിക്കുമെന്ന് താലൂക്ക് ആക്ഷന്‍ കമ്മിറ്റിക്ക് വാഗ്ദാനം നല്‍കിയിരുന്നു. ജില്ല രൂപീകരിക്കുമ്പോള്‍ കാസര്‍കോട്, ഹോസ്ദുര്‍ഗ് എന്നീ രണ്ട് താലൂക്കുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും താലൂക്ക് രൂപീകരിച്ചപ്പോഴും നീലേശ്വരം താലൂക്ക് എന്ന ആവശ്യം അവഗണിക്കപ്പെടുകയായിരുന്നു. നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് നാലു കമ്മിഷനുകള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നു പറയുന്നു. എന്നാല്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ ഈ റിപ്പോര്‍ട്ടുകള്‍ അവഗണിക്കുകയായിരുന്നു. ചെറുവത്തൂര്‍, പടന്ന, തൃക്കരിപ്പൂര്‍, പിലിക്കോട്, വലിയപറമ്പ, കയ്യൂര്‍ ചീമേനി, മടിക്കൈ ഗ്രാമപഞ്ചായത്തുകളും, നീലേശ്വരം നഗരസഭയും ഉള്‍പ്പെടുത്തി നീലേശ്വരം താലൂക്ക് രൂപീകരിക്കാവുന്നതാണെന്നു കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
