ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദ എന്നിവരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്.കേസ് കോടതി ഏപ്രിൽ 25ന് പരിഗണിക്കും.1938ൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് പാർട്ടി മുഖപത്രമായി നാഷനൽ ഹെറാൾഡ് തുടങ്ങിയത്. പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് പുതുതായുണ്ടാക്കിയ ‘യങ് ഇന്ത്യ കമ്പനി’ ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. 2012ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ പോറ്റിയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഇതേ തുടർന്ന് 2021ലാണ് കേസിന്റെ അന്വേഷണം ഇഡി ഏറ്റെടുത്തത്. 5000 സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഓഹരിയുണ്ടായിരുന്ന ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എജെഎല്‍ കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി തട്ടിയെടുത്തെന്നാണ് ആരോപണം. 1600 കോടി രൂപയിലേറെ മൂല്യമുള്ള ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് കമ്പനി, നിയമങ്ങള്‍ ലംഘിച്ച് വെറും 50 ലക്ഷം രൂപയ്ക്ക് ഇവര്‍ സ്വന്തമാക്കിയെന്നും സ്വാമി ആരോപിക്കുന്നു.കേസിൽ രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നാഷനൽ ഹെറാൾഡിന്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചു. ഇതിനു പിന്നാലെയാണ് കുറ്റപത്രവും സമർപ്പിച്ചത്.