കുമ്പള: ചരിത്ര പ്രസിദ്ധമായ കുമ്പള ആരിക്കാടി കടവത്ത് മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശഹീദ് അറബി വലിയുള്ളാഹി അവര്‍കളുടെ പേരില്‍ നടത്തിവരുന്ന ഉറൂസിന് വന്‍ ഭക്തജനത്തിരക്ക്.
ഉറൂസിന്റെ ഭാഗമായുള്ള മത പ്രഭാഷണം കേള്‍ക്കാന്‍ ദൂരെ ദിക്കുകളില്‍ നിന്നു പോലും ആളുകള്‍ എത്തുന്നുണ്ട്. പത്ത് ദിവസത്തെ മത പ്രഭാഷണമാണ് നടക്കുന്നത്. കേരളത്തിലെ പ്രമുഖരായ പ്രഭാഷകരെ അണിനിരത്തിയാണ് മതപ്രഭാഷണ പരമ്പര. സാദത്തീങ്ങളും സാമൂഹ്യ മേഖലകളിലെ പ്രമുഖരും വിവിധ ദിവസങ്ങളില്‍ സംബന്ധിക്കുന്നുണ്ട്. കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന പ്രഭാഷണത്തിനും വിശ്വാസികള്‍ ഒഴുകിയെത്തിരുന്നു. തിങ്കളാഴ്ച രാത്രി കേരളത്തിലെ പ്രമുഖ മത പ്രഭാഷകന്‍ ഇ.പി. അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റ പ്രഭാഷണമായിരുന്നു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രമുഖരുടെ നിര തന്നെയുണ്ടാകും.
സമസ്ത സെക്രട്ടറിയും കാസര്‍കോട് ഖാസിയുമായ ആലിക്കുട്ടി മുസ്ലിയാര്‍, കുമ്പോല്‍ തങ്ങന്മാര്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി തുടങ്ങിയവര്‍ ഇതിനോടകം തന്നെ സംബന്ധിച്ചു. പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതോടെ ഈ മാസം 20 ന് ഉറൂസ് സമാപിക്കും.
