കാസര്‍കോട്: കര്‍ണ്ണാടക, മുല്‍ക്കി, കൊളനാട് സ്വദേശിയും മംഗ്‌ളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷരീഫി(52)നെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന സൂറത്കല്ല്, കല്ലാപ്പുവിലെ അഭിഷേക് ഷെട്ടി(25)യെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുക്കം തുടങ്ങി. കസ്റ്റഡിയില്‍ കിട്ടാനുള്ള അപേക്ഷ ബുധനാഴ്ച സമര്‍പ്പിക്കുവാനാണ് പൊലീസിന്റെ തീരുമാനം. കൊലപാതകത്തിനു ഉപയോഗിച്ച കത്തി കണ്ടെത്തുന്നതിനും ആസൂത്രണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുകയുമാണ് പൊലീസിന്റെ ലക്ഷ്യം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യയോടെയാണ് മുഹമ്മദ് ഷെരീഫി (52) ന്റെ മൃതദേഹം മഞ്ചേശ്വരം, കുഞ്ചത്തൂര്‍, അടുക്കപ്പള്ള, മാഞ്ഞിമ്ഗുണ്ടെയിലെ വിജനമായ സ്ഥലത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ കാണപ്പെട്ടത്. സമീപത്തു തന്നെ ഓട്ടോയും കാണപ്പെട്ടിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച പഴ്‌സും ലൈസന്‍സും കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ സഹായിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നും തലയുടെ പിന്‍ഭാഗത്തേറ്റ കുത്താണ് മരണകാരണമായതെന്നും കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നില്‍ തദ്ദേശവാസികളല്ലെന്ന അനുമാനത്തിലാണ് ഡിവൈ.എസ്പി സി കെ സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ഇ.അനുപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചത്.
സംഘം മൂന്നു വിഭാഗങ്ങളായി അന്വേഷണം ആരംഭിച്ചു. മൃതദേഹം കാണപ്പെട്ട കിണറിനു അല്‍പം മാറിയുള്ള ഇന്റര്‍ലോക്ക് ഫാക്ടറിയിലെ സിസിടിവിയില്‍ നിന്നാണ് കൊലയാളിയെ കുറിച്ചുള്ള ആദ്യ സൂചന ലഭിച്ചത്. ഒരാള്‍ മദ്യ ലഹരിയില്‍ നില്‍ക്കുന്നതും ഇതിനിടയില്‍ രണ്ടു ബൈക്കുകളിലായി മൂന്ന് പേര്‍ വരുന്നതുമാണ് ദൃശ്യത്തിലുണ്ടായിരുന്നത്. മദ്യലഹരിയില്‍ നില്‍ക്കുകയായിരുന്ന ആള്‍ ബൈക്കില്‍ കയറി പോകുന്നതും ദൃശ്യത്തിലുണ്ട്. അന്നു രാത്രി ബൈക്കുമായി എത്തിയവരെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ അവരില്‍ ആരുമല്ല കൊലയാളി എന്ന് പൊലീസ് സ്ഥിരീകരിച്ചു. ബൈക്കില്‍ ഒരാളെ കയറ്റിയിരുന്നുവെന്നും അയാളെ ഇറക്കിവിട്ട സ്ഥലം സംഘം പൊലീസിന് പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് തലപ്പാടി മുതല്‍ മംഗ്‌ളൂരു വരെയുള്ള നിരവധി സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മുഹമ്മദ് ശരീഫിന്റെ ഓട്ടോ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. പിന്‍സീറ്റില്‍ ഇരിക്കുന്ന ആളുടെ കാല്‍മുട്ടുവരെയുള്ള ഭാഗങ്ങളാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. കറുത്ത പാന്റും കറുത്ത നിറത്തിലുള്ള ഷൂസുമാണ് ധരിച്ചിരുന്നതെന്നും ഉറപ്പിച്ചു. കുംപെളയിലെ സുഹൃത്തിന്റെ വീട്ടില്‍ കിടന്നുറങ്ങിയ ശേഷം രാവിലെ ഓട്ടോയിലാണ് മംഗ്‌ളൂരുവിലേക്ക് മടങ്ങിയത്. പറഞ്ഞ സ്ഥാനത്ത് എത്തിയെങ്കിലും വാടകയെ ചൊല്ലി തര്‍ക്കമുണ്ടായി. 500 രൂപ പോരെന്നും 400 രൂപ കൂടി അധികം വേണമെന്നും ഓട്ടോ ഡ്രൈവര്‍ ആവശ്യപ്പെട്ടു. ‘ഒരാളെ തട്ടിയിട്ടാണ് വരുന്നത്’ എന്നു പറഞ്ഞ് അഭിഷേക് ഷെട്ടി ഭീഷണിപ്പെടുത്തി. ഇത് പലരും കേട്ടിരുന്നു. ഈ വിവരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. കൊലയാളി ബാറില്‍ പോയിരിക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് ഏതാനും ബാറുകളിലെത്തി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. നേരത്തെ ലഭിച്ച ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന കറുത്ത പാന്റ്‌സും ഷൂസും ധരിച്ച ആളുടെ പൂര്‍ണ്ണരൂപമാണ് ബാറിലെ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ കേരള പൊലീസ് കല്ലാപ്പൂവിലുള്ള അഭിഷേക് ഷെട്ടിയുടെ വീട്ടിലെത്തി. ആ സമയത്ത് വസ്ത്രങ്ങളെല്ലാം എടുത്ത് മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അഭിഷേക് ഷെട്ടി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ പൂര്‍ണ്ണവിവരം പൊലീസിന് ലഭിച്ചത്. നേരത്തെ ഒരു സ്‌കൂള്‍ ബസ്സില്‍ ഡ്രൈവറായിരുന്നു അഭിഷേക് ഷെട്ടി. ഒരിക്കല്‍ മുഹമ്മദ് ഷെരീഫിന്റെ ഓട്ടോയും സ്‌കൂള്‍ ബസ്സും തമ്മില്‍ ഉരസിയതോടെയാണ് ഇരുവര്‍ക്കും ഇടയില്‍ വൈരാഗ്യം ഉറഞ്ഞു കൂടിയത്. അതിനുശേഷം ഇരുവരും കാണുമ്പോഴെല്ലാം തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നു. ഇതിനിടയില്‍ അഭിഷേക് ഷെട്ടിയുടെ ജോലി നഷ്ടപ്പെട്ടു. ഇതിന് കാരണക്കാരന്‍ മുഹമ്മദ് ഷെരീഫ് ആണെന്നാണ് അഭിഷേക് കരുതിയിരുന്നത്. ഭാര്യയും പിണങ്ങിപ്പോയി. മൂന്നുമാസത്തെ ആസൂത്രണത്തിനു ശേഷമാണ് കൊല നടത്താന്‍ തീരുമാനിച്ചത്. മുടിമുറിച്ച് രൂപമാറ്റം വരുത്തി തലയില്‍ തൊപ്പി ധരിച്ചു. സംഭവദിവസം രാത്രി 10 മണിയോടെ ഓട്ടോ സ്റ്റാന്റില്‍ എത്തി മുഹമ്മദ് ഷെരീഫിന്റെ ഓട്ടോയില്‍ കയറി തലപ്പാടിയിലേക്ക് ഓട്ടം പോകാന്‍ ആവശ്യപ്പെട്ടു. ആളെ തിരിച്ചറിയാതിരിക്കുവാന്‍ ശബ്ദം മാറ്റിപ്പറഞ്ഞു. തന്റെ കാര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നും അതിനകത്തെ സൗണ്ട് സിസ്റ്റം അഴിച്ചെടുക്കാനാണ് പോകുന്നതെന്നുമാണ് ഡ്രൈവറോട് പറഞ്ഞത്. തലപ്പാടിയില്‍ എത്തിയപ്പോള്‍ വര്‍ക് ഷോപ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും ഒരു ബാഗും എടുത്തു. തുടര്‍ന്ന് ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിക്കണമെന്ന് പറഞ്ഞാണ് കുഞ്ചത്തൂരില്‍ എത്തിയത്. മാഞ്ഞ്മ്ഗുണ്ടയില്‍ എത്തിയശേഷം ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് മുഹമ്മദ് ഷെരീഫിന്റെ തലയുടെ പിന്‍ഭാഗത്ത് കുത്തി. തടയാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ വെട്ടേറ്റു. തുടര്‍ന്ന് ഇരുവരും മല്‍പ്പിടുത്തം നടത്തി. ഇതിനിടയില്‍ മുഹമ്മദ് ഷെരീഫിനെ ചവിട്ടി കിണറ്റിലിടുകയായിരുന്നു- പ്രതി പൊലീസിനുനല്‍കിയ മൊഴിയില്‍ പറഞ്ഞു. കൊലപാതകം നടത്തുന്നതിന് രണ്ടുദിവസം മുമ്പും നേരത്തെ ചൂതാട്ടത്തിനായും അവിടെ എത്തിയിരുന്നുവെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിനു ശേഷം കത്തി കിണറ്റിലെറിഞ്ഞുവെന്നാണ് പ്രതി നല്‍കിയ മൊഴി. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം കിണറിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് പൊലീസിന്റെ ആലോചന.
