ടെക്സസ്: സ്ത്രീകൾ മാത്രം യാത്രക്കാരായ ആദ്യ ബഹിരാകാശ ദൗത്യം വിജയം. പോപ്പ് ഗായിക കാറ്റി പെറി ഉൾപ്പെടെ 6 വനിത യാത്രക്കാർ സഞ്ചരിച്ച ബഹിരകാശ പേടകം ദൗത്യം പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. ശതകോടീശ്വരൻ ജെഫ് ബേസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിൻ കമ്പനിയുടെ ന്യൂ ഷെപ്പേഡ് റോക്കറ്റാണ് പേടകത്തെ വഹിച്ചത്.ടെക്സസിലെ ബ്ലൂ ഒറിജിൻ കേന്ദ്രത്തിൽ നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഭൂമിയിൽ നിന്നു 100 കിലോമീറ്റർ അകലെയുള്ള സബ് ഓർബിറ്റൽ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്. ദൗത്യം 10 മിനിറ്റോളം നീണ്ടു നിന്നു.ഇതാദ്യമായാണ് ഒന്നിലധികം പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തിലെ യാത്രികരെല്ലാം വനിതകളാകുന്നത്. വാലന്റീന ടെര്‍ഷ്‌കോവയുടെ 1963-ലെ ബഹിരാകാശ ദൗത്യത്തിന് ശേഷം സ്ത്രീകള്‍ മാത്രം യാത്രികരാകുന്ന ബഹിരാകാശ ദൗത്യം ഇതാദ്യമാണ്. ജെഫ് ബേസോസിന്റെ പ്രതിശ്രുത വധുവായ ലോറൻ സാഞ്ചസാണ് സംഘത്തെ നയിച്ചത്. അമേരിക്കൻ ടിവി അവതാരിക ഗെയിൽ കിങ്, , പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ എന്‍ഗുയിന്‍, ചലച്ചിത്ര നിര്‍മാതാവ് കെരിയാന ഫ്‌ളിന്‍, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവെ എന്നിവരായിരുന്നു മറ്റു അംഗങ്ങൾ. ബ്ലൂ ഒറിജിന്റെ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന പതിനൊന്നാമത്തെ ദൗത്യമാണിത്.
