നാരായണന്‍ പേരിയ
ആരോഗ്യ മേഖലയില്‍ ലോകനിലവാരം പുലര്‍ത്തുന്ന കേരളത്തില്‍ ആശങ്കാജനകമായ ഒരു മഹാ ദുരന്തം സംഭവിച്ചിരിക്കുന്നു. ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണം.
ഡോക്ടര്‍മാരുടെ ദേശീയ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രസ്താവന. ഇത് തടയാന്‍ സത്വര നടപടി കൈക്കൊള്ളണം. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും മറവില്‍ നടക്കുന്ന ഇത്തരം ക്രൂരതകളുടെ ഇരകളാണ് ജീവന്‍ നഷ്ടപ്പെടുന്ന നമ്മുടെ സഹോദരിമാര്‍. ഇത്തരം ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നോക്കിനില്‍ക്കാന്‍ പരിഷ്‌കൃത സമൂഹത്തിന് കഴിയില്ല. രോഗീ പരിചരണത്തിനും സഹായത്തിനുമുള്ള ബന്ധുക്കളുടെ ഉത്തരവാദിത്വം സംബന്ധിച്ച് നിയമനിര്‍മ്മാണം ഉടന്‍ ഉണ്ടാകണം- പ്രസ്താവന തുടരുന്നു. എന്താണ് ആശങ്കാജനകമായ ദുരന്തം? എവിടെയാണ് അത് സംഭവിച്ചത് എന്ന് തലേ ദിവസത്തെ പത്രത്തിലുണ്ട്. അത് ഉദ്ധരിക്കാം:
വീട്ടു പ്രസവം-സിറാജുദ്ദീന്‍ അറസ്റ്റില്‍
എന്ന തലക്കെട്ടില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച മലപ്പുറം വാര്‍ത്ത (9.4.2025) വീട്ടില്‍ പ്രസവിച്ചതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ കൊപ്പറമ്പില്‍ അസ്മ (35) മരണപ്പെട്ട കേസില്‍ ഭര്‍ത്താവ് സിറാജുദ്ദീനെ (39) മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. തിങ്കളാഴ്ച (7- 4-25) വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രസവം നടന്ന ചട്ടിപ്പറമ്പിലെ വീട്ടിലെത്തിച്ച് മറുപിള്ളയെയും രക്തംപുരണ്ട തുണികളും കുഴിച്ചിട്ട സ്ഥലം സിറാജുദ്ദീന്‍ പോലീസിന് കാണിച്ചുകൊടുത്തു. ഫോറന്‍സിക് വിഭാഗം വിദഗ്ധര്‍ അവശിഷ്ടങ്ങള്‍ ശേഖരിച്ചു. നിലം കുഴിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സിറാജുദ്ദീന്‍ അക്യുപങ്ചര്‍ പഠിച്ചാണ് ചികിത്സിച്ചിരുന്നത്. ഭാര്യ അസ്മയും അക്യുപങ്ചര്‍ പഠിച്ചിട്ടുണ്ടായിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ പ്രസവം അടുത്തപ്പോള്‍ ആസ്പത്രിയില്‍ കൊണ്ടു പോകാതെ വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ചികിത്സ നടത്തുന്നവരെ നിരീക്ഷിക്കാന്‍ പോലീസില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ചികിത്സയില്‍ യോഗ്യതയില്ലാത്ത ഒട്ടേറെ പേര്‍ രംഗത്തുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. അതിനു (വ്യാജ ചികിത്സയ്ക്ക്) പ്രചാരണം നല്‍കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോയും ചിത്രങ്ങളും നല്‍കുന്നു.
അപ്പോള്‍, സിറാജുദ്ദീന്‍ മാത്രമല്ല, വ്യാജ ചികിത്സാരംഗത്ത് വ്യാപരിക്കുന്നത്. അക്യുപങ്ചര്‍ തന്നെയാണോ എല്ലാ വ്യാജന്മാരുടെയും ചികിത്സാതന്ത്രം?
ഒരു സംശയം: ഭാര്യയുടെ പ്രസവം ആസ്പത്രിയില്‍ വച്ച് നടത്തേണ്ട; സ്വന്തം വീട്ടില്‍ തന്നെയാകട്ടെ എന്ന് തീരുമാനിക്കുന്നത് കുറ്റമാണോ? വ്യാജ ചികിത്സയാണോ? പ്രസവത്തിനുള്ള പ്രത്യേക ആശുപത്രികള്‍-മെറ്റേണിറ്റി ഹോസ്പിറ്റല്‍-ഇക്കാലത്ത് എല്ലായിടത്തുമുണ്ട്. കുളി (ആര്‍ത്തവത്തിന്റെ നാടന്‍ പേര്) നിന്നാല്‍ അല്ലെങ്കില്‍ വൈകിയാല്‍ ഉടനെ പോകും ഡോക്ടറെ കാണാന്‍.
നേരമില്ലാത്ത നേരത്തായി
നങ്ങേമക്കുട്ടി തന്‍കുളി
ആരും തേടീല കാരണം
(മഹാകവി ഒളപ്പമണ്ണ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ നങ്ങേമ്മക്കുട്ടിയിലെ വരികള്‍) അത് പണ്ട്: ഇപ്പോള്‍ കാലം മാറി; കഥ മാറി.
പ്രസവകാലം അടുത്തു എന്ന് കണ്ടാല്‍ വയറ്റാട്ടിയെ കൂട്ടിക്കൊണ്ടുവരും. പേറെടുപ്പും അനന്തര ശുശ്രൂഷയും ചില സമുദായങ്ങളുടെ കുലത്തൊഴിലായിരുന്നു പണ്ട്. വ്യാജ ചികിത്സയായി കണ്ടിരുന്നില്ല അക്കാലത്ത്. സിറാജുദ്ദീന്‍ കാലം മാറിയതറിഞ്ഞില്ല. അസ്മയുടെ വീട്ടുകാര്‍ വിവരങ്ങള്‍ ഒന്നും അറിഞ്ഞില്ലേ. പ്രസവിച്ചതും ദുരന്തം സംഭവിച്ചതും ഒന്നും അവര്‍ അറിഞ്ഞില്ലേ? രഹസ്യബന്ധമായിരുന്നില്ലല്ലോ സിറാജുദ്ദീന്‍-അസ്മമാരുടേത്.
ഗര്‍ഭിണികള്‍ ആശുപത്രിയില്‍ വച്ച് തന്നെ പ്രസവിക്കണം. വീട്ടില്‍ വച്ചായാല്‍ അത് ശിക്ഷാര്‍ഹമായ കുറ്റം എന്ന് നിയമം അനുശാസിക്കുന്നുണ്ടോ? ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസ്താവന വായിച്ചപ്പോള്‍ തോന്നി. വെറും അഭിപ്രായപ്രകടനമല്ല അത്.
രോഗിപരിചരണത്തിനും സഹായത്തിനുമുള്ള ബന്ധുക്കളുടെ ഉത്തരവാദിത്വം സംബന്ധിച്ച് നിയമനിര്‍മ്മാണമുണ്ടാക്കണമെന്ന് ഐ എം എ ആവശ്യപ്പെടുന്നു. രോഗികള്‍ക്കും ശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കേണ്ട ആരോഗ്യസേവനങ്ങളില്‍ വീഴ്ച വരുത്തുന്നത് കടുത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റകൃത്യമായി നിര്‍വചിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ ഇത്തരം ദുരന്തങ്ങള്‍ തടയാനും അതിന് വഴിവെക്കുന്ന അധമ ചിന്താഗതിക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും സാധിക്കുകയുള്ളൂ. ഇത്ര ക്രൂരമായ രീതിയില്‍ ഒരു സഹോദരി മരിക്കാന്‍ ഇടവന്നിട്ടും കേരളീയ സമൂഹം പുലര്‍ത്തുന്ന നിശബ്ദത ഭീതിപ്പെടുത്തുന്നതാണ്. നമ്മള്‍ കാണിക്കുന്ന നിസ്സംഗത ഒട്ടും ഭൂഷണമല്ല. സമൂഹത്തിലെ പുഴുക്കുത്തുകളെ ചൂണ്ടിക്കാണിക്കണം. അവര്‍ക്കെതിരെ നാം സംസാരിക്കണം. മലപ്പുറം സംഭവത്തിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കണം. ഐഎംഎ സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു. (മാതൃഭൂമി 10-4 2025).
ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചില്ല; പണിമുടക്കും. രോഗികളുടെ ഭാഗ്യം.
സര്‍ക്കാര്‍ ശ്രദ്ധിക്കും, പ്രതികരിക്കും എന്ന് പ്രത്യാശിക്കാം. നവോത്ഥാന കേരളം എന്ന അവകാശവാദത്തിന് പോറലേല്‍പ്പിക്കുന്ന സംഭവമല്ലേ മലപ്പുറത്ത് ഉണ്ടായത്. പത്തും തികഞ്ഞ ഭാര്യയെ ആസ്പത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ പ്രസവിക്കാന്‍ നിര്‍ബന്ധിച്ചു; പ്രസവാനന്തരം നിലക്കാത്ത രക്തസ്രാവം; പിന്നെ മരണം. അമ്മയെയും കുഞ്ഞിനെയും രഹസ്യമായി മറവു ചെയ്തു. നമ്മുടെ രാഷ്ട്രീയക്കാര്‍ അറിഞ്ഞില്ലേ? ഒരു പ്രസ്താവന പോലും കേട്ടില്ല. ആരോഗ്യമന്ത്രിക്ക് ആശ്വാസം.
ഐ എം എ ആവശ്യപ്പെട്ടത് പ്രകാരം സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുമെന്ന് പ്രതീക്ഷിക്കാം. ആദ്യം ഒരു കമ്മീഷന്‍- വിഷയം പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. തുടര്‍ന്ന് ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച ചര്‍ച്ച ചെയ്ത് പാസാക്കാം. ഒരു നിയമം കൂടി.
ആപ്തവാക്യം ഓര്‍ക്കുക: ഏറെ നിയമങ്ങള്‍; നിയമരാഹിത്യം സര്‍വ്വത്ര.
കാലം മാറി; കഥ മാറി; പേറിന്റെ ഇടവും!