ഐശ്വര്യത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടേയും ഓര്‍മകള്‍ പുതുക്കിയാണ് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നത്. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊന്‍കണിയൊരുക്കി മലയാളികള്‍ വിഷുവിനെ വരവേറ്റു. മലയാളികള്‍ക്ക് മേടം ഒന്ന് പുതുവര്‍ഷപ്പിറവിയാണ്. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറക്കുന്നത്.
ഓണം പോലെ പ്രധാനപ്പെട്ട ആഘോഷമാണ് മലയാളികള്‍ക്ക് വിഷുവും. നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിനത്തിന്റെ ആഘോഷമാണ് വിഷു എന്നാണ് ഐതിഹ്യം. കണിക്കൊപ്പം കൈനീട്ടം നല്‍കിയാണ് വിഷു ആഘോഷം. മേടപുലരിയില്‍ കണ്ണനെ കണികണ്ടുണരുന്ന മലയാളികള്‍ക്ക് കണിക്കൊന്ന ഒഴിച്ചുകൂട്ടാനാവാത്തതാണ്. ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായി കണിവെള്ളരിയും ഫലങ്ങളുമുണ്ടാകും. പരമ്പരാഗത രീതി അനുസരിച്ച് നിലവിളക്കിനു മുന്നില്‍ ഓട്ടുരുളിയില്‍ കുത്തരി നിറച്ച് അതിനു മുകളില്‍ കണിക്കൊന്ന പൂവും മാങ്ങയും ചക്കയും നാളികേരവും ഉള്‍പ്പെടെയുള്ള ഫല വര്‍ഗങ്ങളും ഗ്രന്ഥവും നാണയവും കണ്ണാടിയും കോടി മുണ്ടുമെല്ലാം വച്ചാണ് കണിയൊരുക്കുക. കണി കണ്ട ശേഷം കൈനീട്ടമാണ്. വീട്ടിലെ മുതിര്‍ന്നവര്‍ കയ്യില്‍ വച്ച് നല്‍കുന്ന അനുഗ്രഹം കൂടിയാണ് കൈനീട്ടം. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം. വിഷുപ്പുലരിയില്‍ ശബരിമലയിലും ഗുരുവായൂര്‍ ക്ഷേത്രത്തിലുമടക്കം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.
