ന്യഡെൽഹി: ഡൽഹി ഭരിക്കുന്നതു മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവാണെന്നു എഎപി. ആരോപിച്ചു.സാമൂഹിക മാധ്യമത്തിലൂടെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി മർലീനയാണ് ആരോപണം ഉന്നയിച്ചത്.
രേഖാ ഗുപ്തയുടെ ഭർത്താവ് മനീഷ് ഗുപ്ത വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് അതിഷി ആരോപണം ഉന്നയിച്ചത്.
ഒരു ഗ്രാമത്തിൽ വനിതയെ പ്രധാന നേതാവായി തിരഞ്ഞെടുത്താൽ അവരുടെ ഭർത്താവായിരിക്കും കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് കേട്ടിട്ടുണ്ട്. സ്ത്രീകൾക്ക് എങ്ങനെ ഭരണം നടത്തണമെന്ന് അറിയില്ലാത്ത അവസ്ഥയിലാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രിയുടെ ഭർത്താവ് ഭരണം നടത്തുന്നുവെന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്.
എന്നാൽ പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ഒരു സ്ത്രീ പ്രതിപക്ഷനേതാവ് മറ്റൊരു വനിത നേതാവിനെ അപമാനിക്കുന്നത് ആശ്ചര്യകരമാണെന്നു ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സജ്ദേവ ചൂണ്ടിക്കാട്ടി. രേഖാ ഗുപ്തയുടെ ഭർത്താവ് അവരെ പിന്തുണയ്ക്കുന്നതിൽ ചട്ടവിരുദ്ധമോ അനീതിയോ ഇല്ല. മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ജയിലിലായപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുനിത കേജ്‌രിവാൾ ഓഫീസിൽ വച്ച് ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ഇതു ജനാധിപത്യത്തിന് അപമാനകരമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
