കൊല്‍ക്കത്ത: പ്രതികാരം തീര്‍ക്കാന്‍ പലരും പലവഴിയും തേടാറുണ്ട്. പ്രണയപ്പകയില്‍ വെട്ടിയും കുത്തിയും തീകൊളുത്തിയും പ്രണയിനിയെ കൊലപ്പെടുത്തുന്ന വാര്‍ത്തകളാണ് പലപ്പോഴും നാം കേള്‍ക്കുന്നത്. എന്നാല്‍ തന്റെ പഴയ പ്രണയിനിയോട് ബംഗാളില്‍ നിന്നുള്ള യുവാവ് ചെയ്ത പ്രതികാരമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബ്രേക്കപ്പായതിന് പിന്നാലെ യുവതിയുടെ വീട്ടിലേക്ക് മുന്നൂറോളം ക്യാഷ് ഓണ്‍ പാഴ്‌സലുകള്‍ അയച്ചാണ് 25കാരന്‍ പകതീര്‍ത്തത്. നാലുമാസത്തിനിടെ ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും വഴിയാണ് ഇത്രയും പാഴ്‌സലുകള്‍ അയച്ചത്.
ബാങ്ക് എക്‌സിക്യൂട്ടീവായ സുമന്‍ സിക്ദര്‍ എന്ന യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. യുവാവുമായി പിരിഞ്ഞതിന് തൊട്ടുപിന്നാലെ, 2024 നവംബറില്‍ തുടങ്ങിയ തുടര്‍ച്ചയായ പാഴ്‌സല്‍ വരവ് കാരണം യുവതിയും കുടുംബവും കടുത്ത ദുരിതത്തിലായി. വിലകൂടിയ ഗാഡ്ജെറ്റുകളും വസ്ത്രങ്ങളും അടങ്ങിയ പാക്കേജുകളുടെ നിരന്തരമായ പ്രവാഹമായിരുന്നു. ഒടുവില്‍ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് പോലുള്ള പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ യുവതിയുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. ക്ഷമകെട്ടതോടെ മാര്‍ച്ച് മാസത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വലയിലായത്. യുവതിയോടുള്ള പകതീര്‍ത്തതാണെന്ന് ചോദ്യം ചെയ്യലില്‍ യുവാവ് പൊലീസിനോട് സമ്മതിച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗിനോട് അടങ്ങാത്ത അഭിനിവേശമുള്ളയാളാണ് തന്റെ മുന്‍ കാമുകിയെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. വലപിടിപ്പുള്ളതും തനിക്ക് താങ്ങാനാകാത്തതതുമായ പല സമ്മാനങ്ങളും വാങ്ങിനല്‍കാന്‍ നിരന്തരമായി തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്രയും പണം തന്റെ കൈവശമില്ലാത്തതാണ് ബ്രേക്കപ്പിനുള്ള പിന്നിലെ പ്രധാന കാരണമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് ഈ രീതിയില്‍ പകതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും യുവാവ് മൊഴി നല്‍കി. നാദിയ സ്വദേശിയാണ് സുമന്‍. യുവതിയും സുമനും പ്രണയത്തിലായിരുന്നു. ഈയടുത്താണ് തമ്മില്‍ പിരിഞ്ഞത്.
ബുധനാഴ്ച സാള്‍ട്ട് ലേക്ക് കോടതിയില്‍ ഹാജരാക്കിയ സുമന് ജാമ്യംലഭിച്ചു.
