പുത്തൂര്‍: യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരു കൊലക്കേസ് പ്രതിക്ക് കോടതി പരിസരത്ത് മുത്തം നല്‍കുന്ന ചിത്രം വൈറലായി. ഇതേ തുടര്‍ന്ന് മുത്തം നല്‍കിയ ആളെ കണ്ടെത്താന്‍ കര്‍ണ്ണാടക പൊലീസ് ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. നെട്ടാറു കൊലക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ബല്ലാരെ ഷാഫിയെ നെറ്റിയില്‍ മുത്തമിടുന്ന ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. പരപ്പന, അഗ്രഹാര ജയിലില്‍ കഴിയുന്ന ഷാഫിയെ ആര്‍.എസ്.എസ് നേതാവ് കല്ലടുക്ക പ്രഭാകര ഭട്ടിനെ 2017ല്‍ വധിക്കാന്‍ ശ്രമിച്ച കേസിലാണ് കഴിഞ്ഞ ദിവസം ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കിയത്. കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. തിരികെ കൊണ്ടു പോകാനായി പുറത്തിറക്കിപ്പോള്‍ ഒരു യുവാവ് ഓടിവന്ന് ഷാഫിയ്ക്ക് മുത്തം നല്‍കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഇതു സംബന്ധിച്ച് പൊലീസ് ആദ്യം ഗൗരവം നല്‍കിയില്ലെങ്കിലും മുത്തമിടുന്ന ചിത്രം വൈറലായതോടെയാണ് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചത്.
2022 ജുലായ് 26ന് ആണ് ദക്ഷിണ കന്നഡ സ്വദേശിയായ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. രാത്രി കടയടച്ച് വീട്ടിലേക്ക് പോകാനായി ഒരുങ്ങുന്നതിനിടയില്‍ ബൈക്കുകളില്‍ എത്തിയ ഒരു സംഘം വെട്ടിക്കൊന്നുവെന്നാണ് കേസ്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 20 പേര്‍ ഇതിനകം അറസ്റ്റിലാവുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
