വിട്‌ല: രാത്രികാലങ്ങളില്‍ യുവതികള്‍ക്ക് അശ്ലീല സന്ദേശം അയക്കുകയും അശ്ലീല ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്ത വിരുതനെ പെണ്ണായി അഭിനയിച്ച യുവാവിന്റെ സഹായത്തോടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കന്യാന, പഞ്ചാജെ സ്വദേശിയും ബംഗ്‌ളൂരു, കോറമംഗലയിലെ വസ്ത്രാലയത്തിലെ സെയില്‍സ്മാനുമായ സവാദി(20)നെയാണ് നാട്ടുകാര്‍ കുരുക്കിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘യുവതികളുടെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കൈക്കലാക്കുന്നതോടെയാണ് ഇയാളുടെ ‘രോഗ”ത്തിന്റെ തുടക്കം. ആദ്യം നല്ല രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ചു തുടങ്ങും. സൗഹൃദത്തിലായെന്നു തോന്നി തുടങ്ങുന്നതോടെ അയക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തും. ഇങ്ങനെ മെസ്സേജുകള്‍ ലഭിച്ച പല യുവതികളും നാണക്കേട് ഭയന്ന് ആരോടും പറഞ്ഞില്ല. എന്നാല്‍ ഒരു യുവതിയോട് നഗ്ന വീഡിയോ ആവശ്യപ്പെട്ടതോടെ ഇക്കാര്യം അടുത്ത ബന്ധുവായ ഒരു യുവാവിനെ അറിയിച്ചു. അദ്ദേഹം യുവതിയുടെ ഫോണ്‍ വാങ്ങി സവാദുമായി ചാറ്റാന്‍ തുടങ്ങി. ചാറ്റ് മൂത്തതോടെ സവാദ് യുവതിയുടെ നഗ്നചിത്രം ആവശ്യപ്പെട്ടു. വിട്‌ള ടൗണിലേക്ക് നേരിട്ടു വരു, എന്നായിരുന്നു ‘പുരുഷസുന്ദരി’ അയച്ച മറുപടി. ഇതോടെ മയങ്ങിപ്പോയ സവാദ്, കഴിഞ്ഞ ദിവസം വിട്‌ള ടൗണിലെത്തിയപ്പോള്‍ നാട്ടുകാര്‍ കയ്യോടെ പിടികൂടി കൈകാര്യം ചെയ്ത ശേഷം വിട്‌ള പൊലീസിനു കൈമാറുകയായിരുന്നു.”
