കൊച്ചി: ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടി രൂപ സമാഹരിച്ചെന്ന് ഇ.ഡി. ചിട്ടിക്കെന്ന പേരില്‍ പ്രവാസികളില്‍നിന്ന് 593 കോടി രൂപ നേരിട്ട് വാങ്ങുകയും പിന്നീട് ഈ തുക അക്കൗണ്ട് വഴി കൈമാറുകയുമായിരുന്നു. ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ആര്‍ബിഐ, ഫെമ ചട്ടലംഘനങ്ങളാണ് ഇ.ഡി കണ്ടെത്തിയത്. പിടിച്ചെടുത്ത ഒന്നരക്കോടിയുടെ ചിത്രങ്ങളും ഇ.ഡി പുറത്തുവിട്ടിരുന്നു. ഈ പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ഗോകുലം ഗോപാലനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.
കോഴിക്കോട്ടെ ഓഫീസില്‍ വച്ചും പിന്നീട് ചെന്നൈയിലെത്തിയ ഗോകുലം ഗോപാലനെ അവിടെ വെച്ചും ഇ.ഡി ചോദ്യം ചെയ്തിരുന്നു. പിഎംഎല്‍എ ലംഘനം, വിദേശ നാണയ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇ.ഡി പരിശോധന. അതേസമയം, ‘എമ്പുരാനു’മായി ബന്ധപ്പെട്ട വിവാദങ്ങളുമായി ഇപ്പോഴത്തെ പരിശോധനയ്ക്കു ബന്ധമില്ലെന്നും 2022ല്‍
കൊച്ചി യൂണിറ്റ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നുമാണ് ഇ.ഡി യുടെ നിലപാട്.
