തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫിസറുടെ കയ്യിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരിക്കേറ്റു. അശ്രദ്ധമായി തോക്ക് കൈകാര്യം ചെയ്തതിന് സിവിൽ പൊലീസ് ഓഫിസർ സുബിനെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ് സസ്പെൻഡ് ചെയ്തു.
തലശ്ശേരി പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വൃത്തിയാക്കുന്നതിനിടെ നിലത്തുവീണ തോക്ക് തിരിച്ചെടുക്കുമ്പോൾ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. വെടിയുണ്ട തറയിൽ ആണ് കൊണ്ടത്. തറയിലെ സിമന്റ് ചീള് തറച്ചാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ പെരുന്താറ്റിലെ ലിജിഷയ്ക്ക് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി. കഴിഞ്ഞ ദിവസം പാറാവ് ഡ്യൂട്ടിയിലായിരുന്നു സി പി ഒ. ഡ്യൂട്ടി മാറുന്നതിനിടയിലാണ് വെടി പൊട്ടിയത്. സുരക്ഷാ വീഴ്ചയുടെ പേരിലാണ് പൊലീസുകാരന് സസ്‌പെന്‍ഷന്‍ നല്‍കിയത്.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
