-പി പി ചെറിയാന്‍
വാഷിങ്ടണ്‍: അന്യായ ഇറക്കുമതിത്തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ യുഎസ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചു. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് 26 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ട്രംപിന്റെ വ്യാപാര പോരാട്ടത്തിന്റെ ഗണ്യമായ വര്‍ദ്ധനവായിരുന്നു ഈ നീക്കം, ഇത് ആഗോള സമ്പദ്വ്യവസ്ഥയില്‍ അലയടിക്കാന്‍ സാധ്യതയുണ്ട്. ഇത് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും വില ഉയര്‍ത്തുകയും മറ്റ് രാജ്യങ്ങളുടെ അമേരിക്കക്ക് എതിരായ പ്രതികാര നടപടികള്‍ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഉത്കണ്ഠയുണ്ട്. പരസ്പര താരിഫുകള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ആഴ്ചകളായി പറഞ്ഞുകൊണ്ടിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രഖ്യാപനം പല സാമ്പത്തിക വിദഗ്ധരും വിശകലന വിദഗ്ധരും പ്രതീക്ഷിച്ചതിലും വളരെ കൂടുതലാണ്.
വിദേശ നിര്‍മിത ഓട്ടോമൊബൈല്‍ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം തിരിച്ചടിത്തീരുവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് വ്യവസായിക ശക്തിയുടെ പുനര്‍ജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും യുഎസ് ഒരിക്കല്‍ കൂടി സമ്പന്നമാകുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
”വിദേശികള്‍ നമ്മുടെ സ്വപ്നങ്ങള്‍ നശിപ്പിച്ചു. ജോലി അവസരങ്ങള്‍ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച് കൊടുക്കില്ല. നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ച്‌ചെയ്യും. റെസിപ്രോക്കല്‍ താരിഫുകള്‍ ആ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തും. യുഎസിനെ മഹത്തരമാക്കും. ജോലി അവസരങ്ങള്‍ തിരിച്ചുവരും. വിദേശ വ്യാപാര പ്രതിബന്ധങ്ങള്‍ മറികടക്കും. യുഎസിന്റെ സുവര്‍ണനാളുകള്‍ തിരിച്ചുവരും.”-ട്രംപ് പ്രഖ്യാപിച്ചു.
ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങള്‍ക്കെതിരെയുള്ള തിരിച്ചടിത്തീരുവയും ട്രംപ് പ്രഖ്യാപിച്ചു. ചൈന 34%, യൂറോപ്യന്‍ യൂണിയന്‍ 20%, വിയറ്റ്‌നാം 46%, തായ്വാന്‍ 46%, ജപ്പാന്‍ 24%, ദക്ഷിണ കൊറിയ 25%, തായ്ലന്‍ഡ് 36%, സ്വിറ്റ്സര്‍ലന്‍ഡ് 31%, കംബോഡിയ 49% എന്നിങ്ങനെയാണ് തിരിച്ചടിത്തീരുവ നിരക്കുകള്‍.