നീലേശ്വരം: നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ വികസനക്കുതിപ്പില്‍. ഇരുപ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് പണിത ലിഫ്റ്റ് പ്രവര്‍ത്തന സജ്ജമായതിന് പുറമെ റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് ഒരുക്കിയ പാര്‍ക്കിങ് ഗ്രൗണ്ട് ഇന്ന് തുറന്നു കൊടുക്കും. നീലേശ്വരം റെയില്‍വേ ഡവലപ്മെന്റ് കളക്ടീവ്- എന്‍ആര്‍ഡിസിയുടെ ഇടപെടലിലാണ് ഇരു വികസനങ്ങളും സാധ്യമായത്. വയോധികരും രോഗികളുമായ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ലിഫ്റ്റ് സംവിധാനം. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭാ പ്രദേശങ്ങളിലെ യാത്രക്കാര്‍ക്ക് പുറമെ ചെറുവത്തൂര്‍, മലയോര മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ നിന്നുള്ള യാത്രക്കാരും ട്രെയിന്‍ യാത്രയ്ക്ക് ആശ്രയിക്കുന്ന നീലേശ്വരത്ത് ലിഫ്റ്റ് സൗകര്യം വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.
നീലേശ്വരം റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗത്ത് ഫുട്് ഓവര്‍ ബ്രിഡ്ജ് തുടങ്ങുന്ന ഭാഗത്താണ് വിശാലമായ പുതിയ പാര്‍ക്കിംങ് ഗ്രൗണ്ട് ഒരുങ്ങിയത്. ഒരേ സമയം 50 കാറുകള്‍ നിര്‍ത്തിയിടാന്‍ പാകത്തിലാണ് സൗകര്യം ഒരുങ്ങിയത്. മലയോര ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം പാലക്കാട് ഡിവിഷനല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ നീലേശ്വരം റെയില്‍വേ ഡവലപ്മെന്റ് കളക്ടീവ്- എന്‍ ആര്‍ ഡി സി ഭാരവാഹികള്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇന്നാണ് പാര്‍ക്കിങ് സമുച്ചയം തുറക്കുന്നത്. ഇതിനുള്ള നടപടികള്‍ പാലക്കാട് ഡിവിഷന് കീഴിലെ കൊമേഴ്സ്യല്‍ വിഭാഗം നേരത്തെ തന്നെ തുടങ്ങിയിരുന്നു. ചെന്നൈ- മംഗളൂരു മെയിലിന് സ്റ്റോപ് കൂടി അനുവദിച്ചാല്‍ എല്ലാ പ്രതിദിന വണ്ടികളും നിര്‍ത്തുന്ന ജില്ലയിലെ മൂന്നാമത്തെ റെയില്‍വേ സ്റ്റേഷന്‍ ആയി നീലേശ്വരം മാറും.
