കാസര്‍കോട്: സിഐടിയു പ്രവര്‍ത്തകനായ ചുമട്ടുതൊഴിലാളി നടക്കാവിലെ ടി.വി.ശരത് (30) മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഭാര്യ മണിയനൊടിയിലെ ഒ.ആതിര മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കും. 18 ന് ആണ് ശരത്തിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സിപിഎം പ്രാദേശിക നേതാവിന്റെ 2 മക്കളടക്കം നാലുപേരാണ് മരണത്തിന് ഉത്തരവാദികളെന്ന് ചന്തേര പൊലിസില്‍ ആതിര നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. എന്തോ കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞു 16 നു രാത്രി ഇവര്‍ ശരത്തിനെ കൂട്ടിക്കൊണ്ടു പോയതായും പിറ്റേന്ന് പുലര്‍ച്ചെ 2.15ന് തിരിച്ചെത്തുമ്പോള്‍ അവശനിലയിലായിരുന്നെന്നും പരാതിയില്‍ പറയുന്നു. 18 ന് ഉച്ചയ്ക്കുശേഷം വന്ന ഫോണ്‍കോളിനു പിന്നാലെ വീട്ടില്‍നിന്നു പുറത്തുപോയിരുന്നു. പിന്നീട് ശരത്തിനെ പിറ്റേന്ന് മരിച്ചനിലയിലാണ് കണ്ടെത്തിയത്. ശരത് അംഗമായ സിപിഎം മൈത്താണി ബ്രാഞ്ച് കമ്മിറ്റിയും
ചന്തേര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം കെ.വി.ജനാര്‍ദനന്‍, തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറി പി.കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്ത ബ്രാഞ്ച് കമ്മിറ്റി തീരുമാനപ്രകാരമാണ് പരാതി നല്‍കിയത്. ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) തൃക്കരിപ്പൂര്‍ യൂണിറ്റ് കമ്മിറ്റിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ചന്തേര പൊലീസ് ചൊവ്വാഴ്ച ശരത്തിന്റെ സഹോദരന്റെ മൊഴിയെടുത്തിരുന്നു. ആതിരയുടെ പരാതിയില്‍ 3 പേരെ പൊലീസ് ചോദ്യം ചെയ്തു.
