കാസര്‍കോട്: ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിക്കുന്ന പത്മശാലിയ പൊറാട്ട് ഇന്ന് അരങ്ങിലെത്തും. വൈകീട്ട് അഞ്ചുമണിക്കാണ് പിലിക്കോട് തെരു സോമേശ്വരീ ക്ഷേത്ര പരിസരത്തു നിന്ന് രയരമംഗലം ക്ഷേത്രത്തിലേക്ക് പൊറാട്ട് വേഷങ്ങള്‍ എത്തുക. വടക്കേ മലബാറിലെ പൂരോത്സവത്തിന് തുടക്കം കുറിക്കുന്നത് രയരമംഗലം ക്ഷേത്രത്തിലെ കാര്‍ത്തിക ഉല്‍സവത്തോടെയാണ്.
കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായാണ് പൊറാട്ട് വേഷങ്ങള്‍ തെരുവിലെത്തുന്നത്. സാമൂഹ്യ പ്രശ്‌നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചാണ് ജനങ്ങളുടെ മുമ്പില്‍ പൊറാട്ട് അവതരിപ്പിക്കുന്നത്. സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ പൊറാട്ട് വേഷങ്ങളിലൂടെ സമൂഹത്തിന്റെ മുന്നില്‍ തുറന്നു കാട്ടുകയാണ് ഈ ആചാരത്തിലൂടെ ചെയ്യുന്നത്. അട്ടക്കണം പോതി, ചേകവന്മാര്‍, കേളി പാത്രം, വാഴപോതികള്‍, തുടങ്ങിയവയാണ് പൊറാട്ടിലെ പരമ്പരാഗത വേഷങ്ങള്‍. കാസര്‍കോടിന്റെ സാംസ്‌കാരിക പെരുമയിലെ മറ്റൊരു കലാരൂപമായ പത്മശാലിയ പൊറാട്ട് പയ്യന്നൂരിലും കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തും കാഞ്ഞങ്ങാട്ടും വരും ദിവസങ്ങളില്‍ അരങ്ങേറും.
