ദ്രോണാചാര്യന്മാരും ഭീഷ്മാചാര്യന്മാരും മൗനം ദീക്ഷിക്കുന്നു. ഇപ്പോള്‍ മാത്രമല്ല, പണ്ടും ഇങ്ങനെത്തന്നെ ആയിരുന്നല്ലോ. പ്രതിസന്ധിഘട്ടങ്ങളില്‍, പ്രതികരിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അവര്‍ മൗനം ദീക്ഷിച്ചു. ഈ ആചാര്യന്മാരെ അവതരിപ്പിച്ച വ്യാസ മഹര്‍ഷി മഹാഭാരതേതിഹാസത്തില്‍ പറഞ്ഞത് അങ്ങനെയാണ്.
ആചാര്യന്മാരുടെ മൗനാചരണത്തിലേക്ക് വിരല്‍ ചൂണ്ടിയത് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജ.ശൈലിഷ് കുമാര്‍. തലശ്ശേരി ജില്ലാ കോടതിയിലെ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വിവരാവകാശ- വൈജ്ഞാനിക സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍ (മാതൃഭൂമി 3-10-2010)
സ്വന്തം വര്‍ഗ്ഗത്തെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകള്‍: നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം സ്വന്തം ദുഷ് ചെയ്തികള്‍ മറച്ചു പിടിക്കാന്‍ കോടതി അലക്ഷ്യനിയമം പല ജഡ്ജിമാരും ദുരുപയോഗം ചെയ്യുന്നു. അഭിപ്രായം പറയുന്നവര്‍ക്കെതിരെ ഈ നിയമം ഉപയോഗിക്കുന്നത് കൊടിയ അനീതിയാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്തുകൂടാ എന്നത് ജനങ്ങളെ നിശബ്ദരാക്കുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ അഴിമതിമുക്തമാണെന്ന് പറയാനാവില്ല. സംശയത്തിന്റെ നിഴലിലുള്ള ജഡ്ജിമാരെ പറ്റി അന്വേഷണം വേണം. ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ പുറത്തുവരുമ്പോള്‍ ദ്രോണാചാര്യന്മാരും മൗനം ദീക്ഷിക്കുന്നു. ഇത് ഫലത്തില്‍ അഴിമതിക്കാരെ രക്ഷിക്കും. നീതിന്യായ വ്യവസ്ഥയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ നിയമപരമായും ധാര്‍മികമായും ഉത്തരവാദിത്വമുണ്ട്. ഉന്നതര്‍ അഴിമതിക്കെതിരെ മൗനം ദീക്ഷിക്കുന്നത് അധര്‍മ്മത്തോട് പക്ഷം ചേരലാണ്.
ശ്രദ്ധേയമായ ഈ വാക്കുകള്‍ വീണ്ടും ഓര്‍ക്കേണ്ട സന്ദര്‍ഭം: ഡല്‍ഹി ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരില്‍ രണ്ടാമനായ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന സ്റ്റോര്‍ മുറിയില്‍ അഗ്നിബാധ. അഗ്നിശമനസേന എത്തി തീകെടുത്തി. അപ്പോഴാണ് അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ച കാണുന്നത്. പാതി കത്തിയ നിലയില്‍ കുറെ നോട്ടുകെട്ടുകള്‍. 15 കോടിയോളം രൂപ കണ്ടെത്തി എന്ന് പറഞ്ഞ അഗ്നിശമനസേന മേധാവി അതുല്‍ ഗാര്‍ഡ് പിന്നീട് അത് മാറ്റി പറഞ്ഞു. പിന്നെ തിരുത്തി വിവാദമായപ്പോള്‍.
തല്‍സമയം ജ.വര്‍മ്മയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ലെന്ന് പറയുന്നു. ഇത്രയും പണം ഒരു ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍! നിശ്ചിത വരുമാനം-പ്രതിമാസ ശമ്പളവും നിയമാനുസൃത അലവന്‍സുകളും അല്ലാതെ അതില്‍ കവിഞ്ഞ തുക കണക്കില്‍ പെടാത്ത പണമാണ്. അതിന്റെ ഉറവിടം വെളിപ്പെടുത്തണം. ഒരു ന്യായാധിപന്‍ വിശേഷിച്ചും. വിശുദ്ധി തെളിയിക്കാന്‍ ബാധ്യസ്ഥനാണ് അദ്ദേഹം. അല്ലാത്തപക്ഷം ശിക്ഷാര്‍ഹനാണ്. അതിനുള്ള നടപടിയെടുക്കണം അധികാരമുള്ളവര്‍. നിയമം അനുശാസിക്കുന്നു.
പക്ഷേ, ഇവിടെയാണ് ആശയക്കുഴപ്പം. രാജിവെക്കാന്‍ ആവശ്യപ്പെടാനല്ലാതെ (അപേക്ഷിക്കാനല്ലാതെ എന്നാണ് പറയേണ്ടത്.) പിടിച്ചു പുറത്താക്കാന്‍ അധികാരമില്ലത്രെ. മുകളില്‍ സുപ്രീംകോടതിയുണ്ട്. പരമാധികാര കോടതി എന്ന് വിശേഷിപ്പിക്കപ്പെടും. പക്ഷേ, അതൊരു വെറും പറച്ചില്‍ മാത്രം.
ഇംപീച്ച്മെന്റ് എന്നൊരു നടപടിയുണ്ട്. ഏക നടപടി. പാര്‍ലമെന്റിന്റെ ഇരുസഭകളും തീരുമാനമെടുക്കണം ജഡ്ജിയെ പുറത്താക്കാന്‍. സഭാംഗങ്ങള്‍ വോട്ട് ചെയ്യണം. കേവലഭൂരിപക്ഷം പോര; മൂന്നില്‍ രണ്ടുഭാഗം അംഗങ്ങള്‍ ഇംപീച്ച്മെന്റ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യണം. അത് സാധ്യമല്ല. ഇത് ഇന്ത്യയാണ് നടക്കുന്ന കാര്യമല്ല. നമ്മുടെ അനുഭവം അതാണ്.
1993ലെ ഇംപീച്ച്മെന്റ് ‘നാടകം’ (അതേ പ്രഹസനം!) ഓര്‍ക്കുക. സാമ്പത്തികാഴിമതി-തനി പകല്‍ കൊള്ള എന്ന് പറയണം- ചുമത്തപ്പെട്ട ജ. വി രാമസ്വാമിയെ പുറത്താക്കണം എന്ന ആവശ്യമുയര്‍ന്നു. നിയമാനുസൃതം സഭ സമ്മേളിച്ചു. പ്രമേയം അവതരിപ്പിച്ചു. അംഗങ്ങള്‍ ഘോരഘോരം പ്രസംഗിച്ചു. ‘അന്യായ രാമ’നെ തുറന്നുകാട്ടി. ഇനി വേണ്ടത് വോട്ടെടുപ്പ്. ഇരുസഭകളിലും ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് അവസാനനിമിഷം ഒരു നാണംകെട്ട കളി കളിച്ചു. മലക്കം പറഞ്ഞു. ആരും വോട്ടു ചെയ്തില്ല, പാര്‍ട്ടി നേതൃത്വത്തിന്റെ കല്‍പനപ്രകാരം.
നിയമം അനുശാസിക്കുന്ന ഭൂരിപക്ഷം കിട്ടാത്തത് കാരണം, പ്രമേയം വെറുതെയായി. പിന്നെ ഒരു തീരുമാനമെടുത്തു: പുറത്താക്കാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിക്ക് രാമസ്വാമി ജഡ്ജി പദവിയില്‍ തുടര്‍ന്നു കൊള്ളട്ടെ. എന്നാല്‍, കേസുകളില്‍ വാദം കേള്‍ക്കാനും വിധി പറയാനും പാടില്ല. (ശമ്പളം മുറയ്ക്കുകിട്ടും). 1994ല്‍ കാലാവധി എത്തിയപ്പോള്‍ പിരിഞ്ഞു. തുടര്‍ന്ന്, മറ്റൊരു പദവിയില്‍ അവരോധിക്കപ്പെട്ടു. തമിഴ്നാട് നിയമ കമ്മീഷന്‍ തലവനായി. മുഖ്യമന്ത്രി ജയലളിതയുടെ അനൗചാരിക നിയമോപതേഷ്ടാവ് കൂടിയായി. 1999ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. എന്നാല്‍ വോട്ടര്‍മാര്‍ കൈയൊഴിഞ്ഞു-ശിവകാശിക്കാരുടെ ന്യായബോധം.
രാമസ്വാമിയുടെ മകന്‍ സഞ്ജയ് രാമസ്വാമി അഭിഭാഷകന്‍. കോണ്‍ഗ്രസ് എംഎല്‍എ പിന്നീട് സഞ്ജയ്, അണ്ണാ ഡിഎംകെയില്‍ ചേര്‍ന്നു. മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയാകാന്‍ ശ്രമം നടന്നെങ്കിലും തമിഴ്നാട് ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമ ബീവി എതിര്‍ത്തതു കാരണം അത് സാധിച്ചില്ല. ന്യായബോധമുള്ള മഹതി!
ഇപ്പോഴത്തെ കഥയിലെ നായകന്‍ ‘സ്വാമി’ യല്ല ‘വര്‍മ്മ’യാണ്. ശേഷം കാഴ്ചയില്‍. ഒരു മുന്നറിയിപ്പ്. സൂക്ഷിക്കണം: കോര്‍ട്ടലക്ഷ്യ നോട്ടീസ്…
ദി വണ്ടര്‍! ദാറ്റ് വാസ് ഇന്ത്യ!
എല്‍.എ ബഷാമിന്റെ വാക്കുകള്‍ തിരുത്തുക: ‘ദിസ് ഈസ് ഇന്ത്യ’
