കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടയില്‍ പെണ്‍സുഹൃത്തിനെ മോശമായ അര്‍ത്ഥത്തില്‍ നോക്കിയതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞതായി പരാതി. മലപ്പുറം, വെളിയങ്കോട്, കണ്ട്‌റയില്‍ ഹൗസില്‍ കെ. റിജാസി (24)ന്റെ പരാതി പ്രകാരം രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് റെയില്‍വെ പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. മംഗ്‌ളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ യാത്രക്കാരാണ് പരാതിക്കാരനും പ്രതികളും. ജനറല്‍ കോച്ചിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. യാത്രക്കിടയില്‍ പരാതിക്കാരന്റെ പെണ്‍ സുഹൃത്തിനെ രണ്ടു പ്രതികള്‍ മോശമായി നോക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത വിരോധത്തില്‍ പരസ്പരം വാക്കേറ്റവും ഉണ്ടായി. ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങിയ രണ്ടു യുവാക്കള്‍ പരാതിക്കാരന്റെ മുഖത്തടിക്കുകയും പരാതിക്കാരന്‍ ഇരിക്കുന്ന ഭാഗത്തേക്ക് കല്ലെറിയുകയും അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് വീഡിയോ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് റെയില്‍വെ പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തത്.
