കാസര്‍കോട്: ഉത്തരമലബാറിലെ തീയ്യരുടെ പ്രധാന ആരാധന കേന്ദ്രമായ നെല്ലിക്കാത്തുരുത്തി നിലമംഗലം ക്ഷേത്രത്തില്‍ പൂരമഹോത്സവത്തിന്റെ വരവറിയിച്ച് ചങ്ങാത്തം ചോദിക്കല്‍ ചടങ്ങിന് ആചാരപ്പെരുമയോടെയുള്ള തുടക്കം. തെക്കരുടെ ഭാഗക്കാരുടെ ചങ്ങാത്തം ചോദിക്കല്‍ ചടങ്ങാണ് തിങ്കളാഴ്ച നടന്നത്. മീന മാസത്തിലെ കാര്‍ത്തിക നാള്‍ പിറക്കുന്നതോടെയാണ് ഉത്തരമലബാറില്‍ പൂരക്കാലത്തിന് തുടക്കമാവുക. രാവിലെ തോര്‍ത്തുമുണ്ടുടുത്ത് അതിനു മുകളില്‍ പണിയോല വള്ളി കൊണ്ട് കെട്ടിയുറപ്പിച്ച് പന്തലിലെത്തിയ വാല്യക്കാര്‍ ദേവിയെ തൊഴുതു വണങ്ങി കളി തുടങ്ങുകയും, തുടര്‍ന്ന് ചെറുസംഘങ്ങളായി പിരിഞ്ഞ് ക്ഷേത്ര പരിധിയിലെ വീടുകളിലേക്ക് പോവുകയായിരുന്നു. ആര്‍പ്പുവിളികളോടെ പുഴയും തോടുമെല്ലാം നീന്തി പൂരത്തിന്റെ വരവറിയിക്കുന്നത് സന്ധ്യ വരെ നീളുന്നു. ക്ഷേത്ര സംഘം എല്ലാ വീടുകളിലും കയറിയിറങ്ങി ആതിഥ്യം സ്വീകരിച്ച് വൈകീട്ടോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തും.
രണ്ടു ദിവസങ്ങളിലായി ക്ഷേത്ര പരിധിയിലെ നാലായിരത്തി അഞ്ഞൂറോളം വീടുകളില്‍ സംഘങ്ങള്‍ കയറിയിറങ്ങും. സന്ധ്യയോടെ പൂരക്കളി നടന്ന പന്തലില്‍ തിരിച്ചെത്തുന്നതോടെ ചങ്ങായം ചോദിക്കല്‍ ചടങ്ങ് അവസാനിക്കും. ഏതെങ്കിലും വീട്ടില്‍ സംഘം എത്തിയില്ലെന്ന പരാതി വന്നാല്‍ സംഘങ്ങള്‍ പിഴ ഒടുക്കേണ്ടിവരും. വടക്കേ സംഘത്തിന്റെ ചങ്ങാത്തം ചോദിക്കല്‍ ചൊവ്വാഴ്ച നടക്കും.
