കാസര്‍കോട്: കാസര്‍കോട്ടെ പരമ പ്രധാനവും ചിരപുരാതനവുമായ മധൂര്‍ ക്ഷേത്രം ബ്രഹ്‌മകലശത്തോടനുബന്ധിച്ച് നടന്ന യോഗത്തില്‍ കമ്മിറ്റിയുടെ ഗൗരവാധ്യക്ഷന്‍ മഹാബലേശ്വര്‍ ഭട്ട് പ്രധാനമന്ത്രിക്കും ബിജെപി ക്കും എതിരെ നടത്തിയ പരാമര്‍ശം അവിവേകമാണെന്ന് ബിജെപി മണ്ഡലം കമ്മിറ്റി അപലപിച്ചു. പ്രധാനമന്ത്രിയെയും ബിജെപി യെയും വെല്ലുവിളിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഭട്ടിനു രാഷ്ട്രീയത്തില്‍ കടന്നുകൂടാനാണ് താല്പര്യമെങ്കില്‍ ധാര്‍മികവേദി വിടണം. എന്നിട്ട് നേരിട്ട് രാഷ്ട്രീയ പ്രവേശനം നടത്തണം. കേന്ദ്രസര്‍ക്കാരിന്റെ സ്പിരിച്ച്വല്‍ ടൂറിസം പദ്ധതി പ്രകാരം മധുര്‍ ക്ഷേത്രത്തിനനുവദിച്ച ഫണ്ട് ഇതുവരെ ലഭിക്കാത്തതിന്റെ കാര്യം മധൂര്‍ ക്ഷേത്ര ഭരണാധികാരികളോടോ, കാസര്‍കോട്ടെ ജനപ്രതിനിധികളോടോ ചോദിക്കണം. അല്ലാതെ പ്രധാന മന്ത്രിയോടും ബിജെപി പ്രവര്‍ത്തകരോടും കുതിര കയറാന്‍ നിന്നാല്‍ ബിജെപി കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നു മണ്ഡലം കമ്മിറ്റി മുന്നറിയിച്ചു. കാസര്‍കോട്ടെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നിരവധി പദ്ധതികള്‍ നല്‍കിയിട്ടുണ്ട്. കാസര്‍കോട്-മംഗലാപുരം ഹൈവേ, കാസര്‍കോട് തുറമുഖം നവീകരണത്തിന് 100 കോടിയിലധികം രൂപ ഗ്രാന്റ്, മുദ്ര യോജന, പ്രധാനമന്ത്രി ആവാസ് യോജന, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന തുടങ്ങിയ പദ്ധതികള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട്ടെ ജനങ്ങളുടെ ജീവിതത്തില്‍ വെളിച്ചം വീശിയിട്ടുണ്ട്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് കോടിക്കണക്കിന് രൂപ ഗ്രാന്റ് അനുവദിച്ചു. മുനിസിപ്പാലിറ്റികള്‍ക്കും പഞ്ചായത്തുകള്‍ക്കും വലിയ അളവില്‍ സി.എഫ്.സി. നല്‍കി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു. കാശി, അയോധ്യ, അനന്തപത്മനാഭ ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ രാജ്യത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് വ്യക്തമായ തീരുമാനമുണ്ട്. മോദി എന്താണ് ചെയ്തതെന്ന് അവര്‍ക്കറിയാം. മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുന്ന മഹാബലേശ്വര്‍ ഭട്ട് കാസര്‍കോട്ടെ ജനങ്ങളോട് മാപ്പ് പറയണമെന്നു ബിജെപി ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു
