കാസര്‍കോട്: വയോധികരായ ദമ്പതികളുടെയും കൊച്ചുമകളുടെയും അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി. കാടകം, മാളങ്കൈയില്‍ ശനിയാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. ചന്തുക്കുട്ടിയും ഭാര്യയും കൊച്ചു മകളുമാണ് വീട്ടില്‍ താമസം. പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ച ഉള്ളതായി ചന്തുക്കുട്ടിക്കും ഭാര്യയ്ക്കും മനസ്സിലായി. മണം വമിച്ചതും ലീക്കിന്റെ ശബ്ദം കേട്ടതുമാണ് ചോര്‍ച്ചയുണ്ടെന്നു മനസിലാക്കാന്‍ ഇടയാക്കിയത്. വലിയ അപകടത്തിനു സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ചന്തുക്കുട്ടിയും ഭാര്യയും കൊച്ചുമകളെ കൊണ്ട് ഫയര്‍ഫോഴ്‌സിനെ ഫോണില്‍ വിളിപ്പിച്ചു. ഇതിനിടയില്‍ ഗ്യാസ് ലീക്കാകുന്നതിന്റെ ശബ്ദം കൂടി വന്നു. ഇതോടെ വൃദ്ധ ദമ്പതികള്‍ അയല്‍വീട്ടിലേക്ക് മാറി. ഇതിനിടയില്‍ കൊച്ചു മകള്‍ വൈദ്യുതി ലൈന്‍ ഓഫാക്കി. തൊട്ടു പിന്നാലെ കാസര്‍കോട്ടു നിന്നു സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ എച്ച്. ഉമേശന്‍, എസ് അഭിലാഷ്, ഹോംഗാര്‍ഡുമാരായ ടി.വി പ്രവീണ്‍, കെ.വി ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി. റെഗുലേറ്ററില്‍ നിന്നാണ് ഗ്യാസ് ചോര്‍ന്നിരുന്നത്. തകരാര്‍ പരിഹരിച്ചതോടെയാണ് ആശങ്കയും അപകട ഭീതിയും ഒഴിവായത്.

Very good 👍