ഭൂകമ്പത്തിൽ വിറച്ച് മ്യാൻമറും തായ്‌ലന്റും; മരണം 150 കടന്നു; 733 പേർക്ക് പരിക്ക്, നൂറോളം പേരെ കാണാതായി

നേപിഡോ: മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചു കുലുക്കിയ ഭൂകമ്പത്തിൽ 150 ഓളം പേർ കൊല്ലപ്പെട്ടു. 700ലേറെ പേർക്ക് പരിക്കേറ്റു. നൂറോളം പേരെ കാണാതായി. കെട്ടിടങ്ങളും പാലങ്ങളും തകർന്നടിഞ്ഞു. പട്ടാള ഭരണമുള്ള മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക്12.50ഓടെയാണ്‌ ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സാഗെയിങ് നഗരമാണ്. തായ്ലന്റിലും ശക്തമായ ഭൂകമ്പം ഉണ്ടായി. തലസ്ഥാനമായ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന 30 കെട്ടിടം തകർന്നു തരിപ്പണമായി. നാലു പേർ മരിച്ചു. നിരവധി പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബാങ്കോക്കിൽ നിരവധി വലിയ കെട്ടിടങ്ങൾ തകർന്നുവീണതായും ആയിരക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് ജോലിസ്ഥലങ്ങളിൽ നിന്നും ഒഴിപ്പിച്ചതായും റിപ്പോർട്ട് പറയുന്നു. കെട്ടിടങ്ങൾ തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മ്യാൻമറിൽ കാര്യമായ നാശനഷ്ടങ്ങൾ തന്നെ ഭൂചലനം കാരണം ഉണ്ടായെന്നാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും അറിയിച്ചത്. ഇന്ത്യ, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാൻമറിനെ അറിയിച്ചു. ശനിയാഴ്ച്ചയോടെ ഒരു സൈനിക ഗതാഗത വിമാനത്തിൽ ഏകദേശം 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമറിലേക്ക് അയയ്ക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ C130J വിമാനമാണ് ഇതിന് അയക്കുകയെന്ന് വൃത്തങ്ങൾ‌ അറിയിച്ചു. മ്യാൻമറിൽ രക്ഷാദൗത്യം തുടരുന്നതിനിടെ ഇന്നലെ അര്‍ധരാത്രിയോടെ തുടര്‍ ഭൂചലനമുണ്ടായി. വെള്ളിയാഴ്ച രാത്രി 11.56ഓടെയാണ് റിക്ടെര്‍ സ്കെയിൽ 4.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark