കാസര്‍കോട്: കാഞ്ഞങ്ങാട്, അതിഞ്ഞാല്‍ മന്‍സൂര്‍ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി മരണപ്പെട്ട ചൈതന്യ കുമാരിയുടെ മുറിയില്‍ താമസിച്ചിരുന്ന മൂന്നു വിദ്യാര്‍ത്ഥിനികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൂന്നു പേരും ഹോസ്റ്റല്‍ വാര്‍ഡനെതിരെ മൊഴി നല്‍കിയതായാണ് സൂചന. മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ചൈതന്യ മൂന്നു മാസം മുമ്പാണ് നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിയത്. ഉടന്‍ താഴെയിറക്കി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് 22ന് ആണ് മരണം സംഭവിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനം മൂലമാണ് ചൈതന്യ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. നാലാഴ്ച്ചകള്‍ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡി ജി പിക്കും ചീഫ് സെക്രട്ടറിക്കും അയച്ച നോട്ടീസില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
