-പി പി ചെറിയാന്‍
മെസ്‌ക്വിറ്റ് (ഡാളസ്): കാല്‍വരി ക്രൂശില്‍ മൂന്നണികളിന്മേല്‍ തൂങ്ങിക്കിടക്കുന്ന ക്രിസ്തുവിനെ കാണുമ്പോള്‍ ആ ക്രൂശു നമ്മെ പഠിപ്പിക്കുന്ന രണ്ടു വിലയേറിയ സത്യങ്ങളാണ് ക്ഷമിക്കുക, പൊറുക്കുക എന്നിവയെന്നു റവ. സുകു ഫിലിപ് മാത്യു പറഞ്ഞു.
ക്ഷമിക്കുവാന്‍ നമുക് കഴിയുമെങ്കിലും പൊറുക്കുവാന്‍ കഴിയുന്നില്ല എന്ന് പറയുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ഈ സത്യങ്ങള്‍ നാം സ്വായത്തമാകുകയും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരുകയും ചെയ്യുമ്പോള്‍ മാത്രമാണ് നോമ്പില്‍ നാം നടത്തുന്ന അനുഷ്ഠാനങ്ങള്‍ അന്വര്‍ത്ഥമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ബുധനാഴ്ച നടന്ന പാതി നോബിനോട് അനുബന്ധിച്ചുള്ള വചന ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു ഫ്‌ലോറിഡ സെന്റ് ലുക്ക് മാര്‍ത്തോമാ ചര്‍ച്ച വികാരി റവ സുകു ഫിലിപ്പ് മാത്യു. മരുഭൂമിയില്‍ മോശയിസ്രായേല്‍ ജനത്തിന്റെ രക്ഷക്കായി പിച്ചളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ ക്രൂശിന്മേല്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തുവിനെ പാപമരണത്തിനായി വിധിക്കപെട്ട മനുഷ്യജാതിയുടെ വീണ്ടെടുപ്പിനായി ദൈവം നല്‍കിയ ഉത്തമ ദിനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബബന്ധങ്ങളില്‍ സ്‌നേഹം കുറയുമ്പോള്‍ പരാതികള്‍ വര്‍ധിക്കുമെന്നും നമ്മുടെ തൊട്ടടുത്തിരിക്കുന്ന മനുഷ്യന്റെ നൊമ്പരം മനസ്സിലാക്കുവാന്‍ നമുക്ക് കഴിയണമെന്നും, കുരിശിലേക്ക് നോക്കുമ്പോള്‍ ക്രിസ്തു നമ്മെ സ്‌നേഹിച്ച സ്‌നേഹം മനസ്സിലാക്കി മറ്റുള്ളവരെ സ്‌നേഹിക്കാന്‍ പഠിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
ബിനു തര്യന്‍, ജൊവാന്‍ ബാബു സൈമണ്‍, റവ ഷൈജു സിജോയ്, രാജന്‍ കുഞ്ഞു ചിറയില്‍, തോമസ് ജോര്‍ജ്, ഡോ. റെയ്ന റോയ് നേതൃത്വം നല്‍കി.