കാസര്‍കോട്: ട്രേഡിംഗ് കമ്പനിയില്‍ ഷെയര്‍ നല്‍കാമെന്നു പറഞ്ഞ് മാങ്ങാട് സ്വദേശിയുടെ 43 ലക്ഷം രൂപ തട്ടിയെടുത്തു. ബാരയിലെ ഇ. രാജഗോപാലന്‍ (53) നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. 2025 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 21 വരെയുള്ള ദിവസങ്ങളില്‍ 73 എ.എസ്.കെ എലൈറ്റ് വെല്‍ത്ത് ട്രേഡിംഗ് കമ്പനിയുടെ പ്രതിനിധിയെന്ന നിലയില്‍ ഫോണ്‍ വിളിച്ചാണ് തട്ടിപ്പിനു തുടക്കമിട്ടത്. പിന്നീട് വാട്‌സ്ആപ് സന്ദേശം വഴിയും ബന്ധപ്പെട്ട് വിശ്വാസം വരുത്തിയ ശേഷം എഎസ്‌കെഎല്‍എ ടോപ്പ് എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. അതുവഴി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല ദിവസങ്ങളിലായി 43 ലക്ഷം രൂപ അയപ്പിച്ചുവെന്ന് കേസില്‍ പറയുന്നു. എന്നാല്‍ പണമോ കമ്പനിയുടെ ഷെയറോ നല്‍കാതെ വഞ്ചിക്കുകയായിരുന്നുവത്രെ. ഇതിനെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.
