ഭര്‍ത്താവായാല്‍ ഇങ്ങനെ വേണമെന്ന് എല്ലാ ഭാര്യമാരും പറഞ്ഞെന്നുവരില്ല. എന്നാല്‍ യു.പി സന്ത്കബീര്‍ നഗറിലെ രണ്ടു മക്കളുടെ മാതാവായ രാധിക തന്റെ ഭര്‍ത്താവ് ബബ്ലു പൊന്നു പോലത്തെ ഭര്‍ത്താവാണെന്നു അഭിമാനിക്കുന്നു. കാരണം എന്തെന്നല്ലേ? ബബ്ലു തൊഴില്‍ തേടി പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങും. ഭാര്യയും ഒമ്പതും ഏഴും വയസ്സുള്ള മക്കളുമുള്ള കുടുംബത്തിന് ദൈനംദിനാവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുമായി രാത്രി മടങ്ങിയെത്തും. ഉള്ളതു കൊണ്ട് ഓണം പോലെ അവര്‍ കഴിയുകയായിരുന്നു.
അങ്ങനെയിരിക്കെ, ഒരു ദിവസം ബബ്ലുവിന്റെ കുടുംബാംഗങ്ങള്‍ ബബ്ലുവിനോട് രാധികക്കു മറ്റൊരു യുവാവുമായി ലോഹ്യമാണെന്നറിയിച്ചു. സന്തോഷത്തോടെ കഴിയുന്ന തങ്ങളുടെ കുടുംബത്തില്‍ കലഹം ഉണ്ടാക്കാന്‍ ബന്ധുക്കള്‍ കുത്തിത്തിരിപ്പിനു ശ്രമിക്കുകയാണെന്നു ബബ്ലു ആദ്യം കരുതി. എങ്കിലും പൂര്‍ണ്ണമായി അങ്ങനെ അങ്ങു വിശ്വസിക്കാനും കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഗതി സത്യമാണെന്നു കണ്ടു പിടിച്ചു. അടുത്ത ദിവസം സന്തോഷത്തോടെ ബബ്ലു ഭാര്യ രാധികയോട് കാമുകനുമായി അവളുടെ വിവാഹം ഉടന്‍ നടത്തിയാലെന്തേ എന്ന് ആരാഞ്ഞു. ചേട്ടന്‍ ഒരു നല്ല ആലോചന കൊണ്ടു വരുമ്പോള്‍, അങ്ങനെയാകട്ടെ എന്നല്ലാതെ വേറെന്താണ് പറയുകയെന്ന് രാധിക നിസ്സഹായത പ്രകടിപ്പിച്ചു. പിറ്റേ ദിവസം രാധികയേയും കാമുകനേയും കൂട്ടി രജിസ്ട്രാര്‍ ഓഫീസില്‍ പോയി ഇരുവരും തമ്മിലുള്ള വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തു. അടുത്ത ദിവസം വീടിനടുത്തെ ക്ഷേത്രത്തിലെത്തി ആചാരപരമായി ഇരുവരുടെയും വിവാഹം നടത്തി. രാധികയും കാമുകനും കല്യാണ വസ്ത്രം ധരിച്ച് പരസ്പരം വരണമാല്യം ചാര്‍ത്തി. നാട്ടുകാരടക്കം ഒരുപാടു പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. രാധികക്കും കാമുകനും ആശംസകള്‍ നേര്‍ന്ന് കല്യാണ സദ്യയും കഴിച്ച് അവര്‍ മടങ്ങി. എല്ലാവരും യാത്രയായി കഴിഞ്ഞപ്പോള്‍ ബബ്ലു, രാധികയെ സമീപിച്ചു. മക്കള്‍ നിനക്കൊരു ഭാരമായാലോ? രണ്ട് മക്കളെയും ഞാന്‍ ഏറ്റെടുക്കുന്നു. രാധിക അതിനും ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ചേട്ടന്റെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെ തന്നെ ആയിക്കോട്ടെ.
ബബ്ലു ഒമ്പതും ഏഴും വയസ്സുള്ള മക്കളുമായി കളിച്ചു ചിരിച്ചു വീട്ടിലേക്ക് മടങ്ങി.
