ന്യൂദെല്‍ഹി: മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമം അല്ലെന്ന വിവാദ പരാമര്‍ശം സുപ്രിം കോടതി സ്റ്റേ ചെയ്തു. അലഹാബാദ് ഹൈക്കോടതിയുടെ പരാമര്‍ശമാണ് കടുത്ത അതൃപ്തിയോടെ സ്റ്റേ ചെയ്തത്. പരാമര്‍ശങ്ങള്‍ വേദന ഉണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്ത് നിന്നും തികഞ്ഞ അശ്രദ്ധ ഉണ്ടായെന്നും കോടതി വിമര്‍ശിച്ചു.
പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നതോ, പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ ആകില്ലെന്നായിരുന്നു അലഹാബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ വിവാദ നിരീക്ഷണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ വിചാരണ നേരിടാനുള്ള കീഴ് കോടതി ഉത്തരവിനെതിരെ രണ്ടു പ്രതികള്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി വിവാദ പരാമര്‍ശം നടത്തിയത്.
