-പി പി ചെറിയാന്‍
സാന്‍ ജോസ്(കാലിഫോര്‍ണിയ): ഇമിഗ്രേഷന്‍ അഭിഭാഷകര്‍ക്കെതിരെ ഉപരോധം ആവശ്യപ്പെടുന്ന വൈറ്റ് ഹൗസ് നിര്‍ദ്ദേശത്തിനെതിരെ സൗത്ത് ഏഷ്യന്‍ അമേരിക്കന്‍ ജസ്റ്റിസ് കൊളാബറേറ്റീവ് ശക്തമായ എതിര്‍പ്പുമായി രംഗത്ത്. നിയമപരമായ വാദങ്ങളെ അടിച്ചമര്‍ത്താനും പ്രാതിനിധ്യത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും ഇതു കാരണമാകുമെന്ന് സംഘടന മുന്നറിയിച്ചു.
ട്രംപ് ഭരണകൂടം പുറപ്പെടുവിച്ച 22ലെ മെമ്മോറാണ്ടം, ഫെഡറല്‍ ഗവണ്‍മെന്റിനെതിരെ ‘യുക്തിരഹിതമായ’ അല്ലെങ്കില്‍ ‘നിസ്സാരമായ’ വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അഭിഭാഷകരെ ശിക്ഷിക്കാന്‍ യു.എസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെയും ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമിനെയും ചുമതലപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ പ്രതികാര നടപടികളെ ഭയപ്പെടാതെ തങ്ങളുടെ കക്ഷികള്‍ക്ക് വേണ്ടി വാദിക്കാനുള്ള അഭിഭാഷകരുടെ കഴിവ് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കല്‍പ്പന വി. പെഡിഭോട്ട്‌ല ആവര്‍ത്തിച്ചു.
”നിയമവാഴ്ചയ്ക്ക് നിയമപരമായ പ്രാതിനിധ്യം അനിവാര്യമാണ്,” പെഡിഭോട്ല പറഞ്ഞു. ”അഭിഭാഷകരുടെ കക്ഷികള്‍ക്കുവേണ്ടി വാദിക്കാനുള്ള കഴിവിനെ പരിമിതപ്പെടുത്തുന്ന നയങ്ങള്‍ അടിസ്ഥാനപരമായ നീതിന്യായ നടപടിക്രമ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുമെന്ന് അവര്‍ മുന്നറിയിച്ചു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് നിയമ പ്രൊഫഷണലുകളെ ഈ നിര്‍ദ്ദേശം പിന്തിരിപ്പിച്ചേക്കാമെന്ന ആശങ്കയും പൗരാവകാശ സംഘടനകള്‍ പ്രകടിപ്പിച്ചു.
യുഎസിലെ ദക്ഷിണേഷ്യക്കാരുടെ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ദേശീയ ലാഭേച്ഛയില്ലാത്ത സംഘടന ഈ നിര്‍ദ്ദേശം പുനഃപരിശോധിക്കാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.