ഭൂമിയില്‍ മനുഷ്യനുണ്ടായ കാലം മുതല്‍ രോഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കാലക്രമേണ കണ്ടുപിടിക്കപ്പെട്ടതാവാം വൈദ്യവും മരുന്നുകളുമൊക്കെ. അതിനും ഉയര്‍ച്ചയും താഴ്ചയുമുണ്ടാകുമല്ലോ.
ഓരോ കാലത്തും ഓരോ മരുന്നുകളും രീതികളുമാണു നമ്മള്‍ കണ്ടു വന്നത്.
കാലം മാറുന്നതിനനുസരിച്ച് അതിന് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 1950 കളിലെ ഞങ്ങളുടെ കുട്ടിക്കാലത്തൊക്കെ ചികിത്സ രീതി നാട്ടു വൈദ്യവും,നാടന്‍ രീതികളുമൊക്കെയായിരുന്നു. അന്ന് കുട്ടികളില്‍ സ്ഥിരമായുണ്ടാകുന്ന ഒരു രോഗമായിരുന്നു വയറു വേദന.
രണ്ടു തരം വയറു വേദനകളുണ്ട്. ഒന്ന് സ്‌കൂളില്‍ പോകാന്‍ മടി വന്നാല്‍ പറയുന്ന കള്ള വയറു വേദന.
മറ്റേത് യഥാര്‍ത്ഥവും.
ചിലപ്പോ സ്‌കൂളില്‍ ചെന്നാലും വയറു വേദന വരും. ഞങ്ങള്‍ ഓലാട്ട് യു.പി. സ്‌കൂളില്‍ പ്രൈമറി ക്ലാസില്‍ പഠിക്കുന്ന സമയം. അന്ന് പലര്‍ക്കും വയര്‍ വേദന വരും.
അതും ഇത് പോലെ തന്നെ. ചിലര്‍ക്ക് യഥാര്‍ത്ഥ വേദനയും ചിലര്‍ക്ക് എന്തില്‍ നിന്നെങ്കിലും രക്ഷപെടാനുള്ള വേദനയും. വയറ് വേദന ഏതാണെങ്കിലും ഹെഡ് മാസ്റ്റര്‍ ആലക്കാടന്‍ നാരായണന്‍ മാഷ് നല്‍കുന്നൊരു മരുന്നുണ്ട്.
സ്‌കൂള്‍ മുറ്റത്ത് നിന്ന് കുറച്ച് തുളസി ഇല പറിച്ചെടുക്കും. എന്നിട്ട് ഇടത് ഉള്ളം കയ്യില്‍ വെച്ച് വലതു കയ്യിലെ വിരലുകൊണ്ട് ഞൊരടിഞൊരിച്ച് അതില്‍ നിന്ന് നീരു വരുത്തും. ശേഷം വേദന കൊണ്ട് കരയുന്നവനോട് വായ തുറക്കാന്‍ പറയും. വാ തുറന്നാല്‍ അതില്‍ നിന്ന് രണ്ടു മൂന്നു തുള്ളി തുളസി നീര് വായിലേക്ക് ഇറ്റിച്ച് ഇറക്കാന്‍ പറയും. അതോടെ ഏത് വയറു വേദനയും പമ്പകടക്കും. പല തവണ ഈ ചികില്‍സയ്ക്ക് ഞാനും വിധേയനായിട്ടുണ്ട്. വീട്ടില്‍ നിന്നുണ്ടാവുന്ന വേറൊരു രോഗമാണ് വിരശല്യ രോഗം.
ഇതിന്റെ ലക്ഷണവും വേദന തന്നെ. വിരയിളക്കിക്കളയുക എന്നതാണ് ഇതിനുള്ള ചികില്‍സ.
അതിന് വേണ്ടി രാത്രി ഭക്ഷണത്തിന് ശേഷം മധുരമുള്ള മിഠായി പോലുള്ള ‘ഇരപ്പൂ ഗുളിക’ എന്ന് പറയുന്ന മരുന്ന് കഴിക്കാന്‍ തരും.
ഇരപ്പൂവാണോ വിരപ്പൂവാണോ അതിന്റെ ശരിയായ ഉച്ചാരണം എന്ന കാര്യത്തില്‍ എനിക്ക് ഇപ്പോഴും തീര്‍ച്ചയില്ല. എന്നാലും സംഭവം മധുരമുള്ളതിനാല്‍ കഴിക്കാന്‍ ഇഷ്ടമാണ്.
പിന്നെ വേറൊരു മരുന്നു കൂടിയുണ്ട്. വെളുത്ത ഒരു തരം പൊടിയാണത്. രൂപം വെളുപ്പാണെങ്കിലും കയ്പ് രൂചിയാണതിന്. അതിനാല്‍ വിരയിളക്കാന്‍ ഇരപ്പൂ തന്നെ വേണമെന്ന് പിള്ളേര്‍ വാശി പിടിക്കും.
കഴിച്ചത് എന്താണെങ്കിലും അടുത്ത ദിവസം രാവിലെയാണ് അതിന്റെ ഫലം അറിയുക. വയറൊന്നാകെ ഇളകി മറിയുന്ന രൂപത്തില്‍ വല്ലാത്തൊരു വയറു വേദന വരും. അതോടെ എണീറ്റ് വെളിക്കിരിക്കാന്‍ ഓടും. പറമ്പില്‍ എവിടെയെങ്കിലും ഇരുന്ന് കാര്യം നടത്തുകയാണ് അന്നത്തെ പതിവ്. മലത്തോടൊപ്പം ഒരു പാട് വിരകള്‍ പുറത്തേക്ക് വരും.
ചിലപ്പോള്‍ വലിയ വിരകള്‍ മലദ്വാരത്തില്‍ നിന്ന് താഴേക്ക് വീഴാതെ നില്‍ക്കും.
പേടിച്ച് കരയുമ്പോള്‍ വീട്ടില്‍ നിന്ന് ആരെങ്കിലും വന്നു അതിനെ ഇല കൂട്ടിപ്പിടിച്ച് വലിച്ചെടുക്കും.
അതൊക്കെ ഞങ്ങള്‍ക്കിടയില്‍ സുഖമുള്ള സ്വല്‍പം വേദനയുള്ള ഓര്‍മ്മകളാണ്.
ഇപ്പോഴത്തെ കുട്ടികളില്‍ വിരശല്യമൊന്നും വ്യാപകമായി കാണാറില്ല. ശുചിത്വം തന്നെയായിരിക്കാം അതിനുള്ള പ്രധാന കാരണം.
ഞങ്ങളുടെ കുട്ടിക്കാലത്ത് ശുചിത്വകാര്യത്തിലൊന്നും വേണ്ടത്ര ശ്രദ്ധചെലുത്താറില്ല.
നിലത്തുവീണ മാങ്ങ, പുളി, നെല്ലിക്ക എന്നിവയെല്ലാം കഴുകാതെ കടിച്ചു തിന്നും. കൈകഴുകുന്നതും കുറവു തന്നെ. പച്ച മാങ്ങ കിട്ടിയാല്‍ പാറമേലോ കല്ലിലോ എറിഞ്ഞു പൊട്ടിക്കും.
മാങ്ങ ചിതറി മണ്ണിലും മറ്റും വീഴും. അത് ഓടിച്ചെന്നെടുത്ത് ഉപ്പും കൂട്ടി കടിച്ചു തിന്നും.
ഇന്നതോര്‍ക്കുമ്പോള്‍ ശുചിത്വമില്ലായ്മയൊക്കെ തോന്നുമെങ്കിലും ആ രുചിയോര്‍ക്കുമ്പോള്‍ ഇന്നും വായില്‍ വെള്ളമൂറും.
വയറില്‍ വിരശല്യവും കൃമി ശല്യവുമൊക്കെ ഉണ്ടാവാന്‍ കാരണം ഇതൊക്കെയാവുമെന്ന് ഇപ്പൊ തോന്നുന്നുണ്ട്. ഈ കൃമിശല്യം പറയുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗമാണ്. മൂലത്തിന്റെയടുത്ത് വല്ലാത്ത ചൊറിച്ചില്‍ അനുഭവപ്പെടും.
രാത്രിയിലാണ് ഇതിന്റെ ഉപദ്രവം കൂടുതല്‍ ഉണ്ടാവുക. അസ്സഹനീയമാകുമ്പോള്‍ ഉച്ചത്തില്‍ കരയും. അത് കേള്‍ക്കുമ്പോള്‍ വീട്ടിലെ മുതിര്‍ന്നവര്‍ വഴക്ക് പറയും.
ചിരച്ച തേങ്ങ തിന്നതുകൊണ്ടാണ് കൃമിശല്യം ഉണ്ടാവുന്നതെന്ന് വെറുതെ പറഞ്ഞു വെക്കും. അത് പക്ഷെ തേങ്ങ തിന്നാതിരിക്കാനുള്ള വിദ്യയാണെന്നാണ് തോന്നല്‍.
അതിങ്ങനെ കൂടുമ്പോള്‍ വീട്ടില്‍ വെച്ച് ഒരു നാടന്‍ ചികില്‍സ ചെയ്യാറുണ്ട്.
പൊട്ടിയ പഴയ മണ്‍ പാത്രത്തില്‍ തീക്കനല്‍ കൂട്ടി വെക്കും.എന്നിട്ട് അതിലേക്ക് വെളുത്തുള്ളിയുടെ തൊലി കൊണ്ടിടും. ഇത് വീടിന് വെളിയില്‍ ആരും കാണാത്തൊരിടത്ത് കൊണ്ട് വെക്കും.
ശേഷം കൃമി ശല്യം ഉള്ളവരെ ഉടുമുണ്ട് പൊക്കിപ്പിടിച്ച് മലദ്വാരം പാത്രത്തിന് മുകളില്‍ വരത്തക്കവിധം ഇരുത്തും. വെളുത്തുള്ളിയുടെ തൊലിയുടെ പുകയും ചൂടും കിട്ടുമ്പോള്‍ ചൊറിച്ചിലിന് സമാധാനം കിട്ടും.
കൃമികളൊക്കെ തീയില്‍ വീണു പോയിട്ടുണ്ടാവുമെന്നാണ് വിശ്വാസം.
അങ്ങനെ പല രോഗങ്ങള്‍ക്കും വീട്ടില്‍ നിന്ന് തന്നെയുള്ള നാടന്‍ വൈദ്യങ്ങളായിരുന്നു പ്രയോഗിക്കാറുണ്ടായിരുന്നത്. ആശുപത്രികളും വൈദ്യശാലകളുമൊക്കെ
അന്നത്തെ ജീവിത രീതിയില്‍ ഏറെ അകലങ്ങളിലായിരുന്നു. അത്ഭുതമെന്ന് പറയട്ടെ ഇന്ന് മുറി വൈദ്യമെന്ന് പറയുന്ന പല നാടന്‍ മരുന്നുകള്‍ക്കും അന്ന് ഫലം തല്‍ക്ഷണമായിരുന്നു.
