കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 2900 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍. മുളിയാര്‍, കെട്ടുംകല്ലിലെ മൊയ്തീന്‍ കുഞ്ഞി (42)യെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാര്‍, എസ്.ഐ ടി. അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. മാണിക്കോത്തെ ഒരു കടയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. കടക്കാരനെ ചോദ്യം ചെയ്യുന്നതിനിടയില്‍ ഒരു ഫോണ്‍ എത്തി. ഫോണിന്റെ മറുതലയ്ക്കല്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ആളാണെന്നു തിരിച്ചറിഞ്ഞ പൊലീസ് സ്ഥലത്ത് ഒളിച്ചിരുന്നു. സ്‌കൂട്ടര്‍ എത്തിയപ്പോള്‍ പൊലീസ് ചാടി വീഴുകയും മൊയ്തീന്‍ കുഞ്ഞിനെ കയ്യോടെ പിടികൂടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ കെ.വി ജിതിന്‍, സുധാകരന്‍, ശ്രീജേഷ്, സനൂപ് എന്നിവരും ഉണ്ടായിരുന്നു.
