പയ്യന്നൂര്‍: കൈതപ്രം പൊതുജന വായനശാലയ്ക്ക് സമീപത്തു താമസക്കാരനും ഗൂഡ്‌സ് ഓട്ടോ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ കുനിയങ്കോട്ടെ കെ.കെ രാധാകൃഷ്ണ(49)നെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. പ്രതിയും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരുടെ സഹപാഠിയും കാമുകനുമായ എന്‍.കെ സന്തോഷിനെയാണ് പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതിനു ശേഷം വെടിവെയ്പ് നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തിയത്. രാധാകൃഷ്ണന്റെ ഭാര്യയായ മിനി നമ്പ്യാര്‍ക്കൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് കൊല നടത്തിയതെന്നു സന്തോഷ് കുമാര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു. പഠനകാലം തൊട്ടേ ഇരുവരും പ്രണയത്തിലായിരുന്നു. പഠനം കഴിഞ്ഞ ശേഷം ഇരുവരും തമ്മില്‍ ബന്ധം ഉണ്ടായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വച്ച് ഇരുവരും വീണ്ടും സംഗമിച്ചു. ഫോണ്‍ നമ്പര്‍ പരസ്പരം കൈമാറിയതോടെ ഇരുവരും തമ്മില്‍ ഫോണ്‍ വിളികളും സന്ദേശം അയക്കലും പതിവായി- സന്തോഷ് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഭാര്യയുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ രാധാകൃഷ്ണന്‍ ഭാര്യയ്ക്ക് പല തവണ താക്കീതു നല്‍കിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. അതിനിടയിലാണ് കണ്ണൂരില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനു എത്തിയപ്പോള്‍ മിനിക്കൊപ്പം എടുത്ത ഫോട്ടോ സന്തോഷ് കാമുകിയുടെ ഭര്‍ത്താവ് രാധാകൃഷ്ണന് അയച്ചു കൊടുത്തത്. ഈ ഫോട്ടോ കണ്ട് പ്രകോപിതനായ രാധാകൃഷ്ണന്‍ ‘ഇനി ഞാന്‍ അവളെ കൊല്ലുമെന്ന് സന്തോഷിനോടു പറയുകയും ചെയ്തു. ഇനി തനിക്കൊന്നും ഭയക്കാനില്ലെന്നും തെളിവ് നാട്ടുകാരെ മുഴുവന്‍ കാണിച്ച ശേഷം കൊല്ലുമെന്നും പ്രതികരിച്ചു. ഇതിനിടയില്‍ മിനി നമ്പ്യാര്‍ സന്തോഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെടുകയും ഇതു വരെ തനിക്ക് ഭര്‍ത്താവിന്റെ കൈയില്‍ നിന്നു തല്ലു മാത്രമേ കിട്ടിയിരുന്നുള്ളുവെന്നും നീ കാരണം തന്നെ കൊല്ലാന്‍ പോവുകയാണെന്നും അറിയിച്ചു. തൊട്ടു പിന്നാലെ തന്നെ സന്തോഷിന്റെ ഫോണ്‍ നമ്പര്‍ മിനി ബ്ലോക്ക് ചെയ്യുകയും ചെയ്തു.
ഇതോടെയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്നും തെളിവെടുപ്പിനിടയില്‍ സന്തോഷ് കുമാര്‍ മൊഴി നല്‍കി. കൊലയ്ക്കു ശേഷം തോക്കുമായി സന്തോഷ് ഓടിയെത്തിയത് മിനി താമസിക്കുന്ന വാടക വീട്ടിലേക്കായിരുന്നു. ‘ശല്യം തീര്‍ന്നു ഇനി നമുക്ക് ഒന്നിച്ച് ജീവിക്കാ’മെന്നു പറയാനാണ് പോയത്. വിസമ്മതിക്കുകയാണെങ്കില്‍ അവളെയും കൊന്ന് ജീവനൊടുക്കാം എന്നായിരുന്നു സന്തോഷിന്റെ പദ്ധതി.
എന്നാല്‍ പിതാവിനു വെടിയേറ്റ വിവരമറിഞ്ഞ മകന്‍ നിലവിളിച്ചു കൊണ്ട് ഓടിപ്പോയപ്പോള്‍ മിനിയും പിന്നാലെ ഓടിയിരുന്നു. അതിനാല്‍ മിനിയോട് എന്തെങ്കിലും പറയാന്‍ കഴിഞ്ഞില്ല- സന്തോഷ് മൊഴി നല്‍കി.
സന്തോഷിന്റെ മൊഴി പൊലീസ് വിശദമായി വിശകലനം ചെയ്യും. അതിനു ശേഷം മിനി നമ്പ്യാരെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
