തിരുവനന്തപുരം: നടന്‍ മമ്മൂട്ടിയുടെ പേരില്‍ മോഹന്‍ലാല്‍ നടത്തിയ വഴിപാട് രശീത് ചോര്‍ന്നത് വിവാദത്തില്‍. വഴിപാട് വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരസ്യപ്പെടുത്തിയതാണെന്ന മോഹന്‍ലാലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണവുമായി രംഗത്തുവന്നു.
മോഹന്‍ലാലിന്റെ പരാമര്‍ശം തെറ്റിദ്ധാരണ മൂലമാണെന്നു ബോര്‍ഡ് വിശദീകരിച്ചു. അദ്ദേഹം ശബരിമല ദര്‍ശനം നടത്തിയ സമയത്ത് നടന്‍ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് രശീതിന്റെ ഭക്തനു നല്‍കുന്ന ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. കൗണ്ടര്‍ ഫോയില്‍ മാത്രമാണ് വഴിപാടിന് പണം അടയ്ക്കുമ്പോള്‍ സൂക്ഷിക്കുക. ബാക്കി ഭാഗം വഴിപാട് നടത്തുന്നയാള്‍ക്ക് നല്‍കും. മോഹന്‍ലാല്‍ വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറിലെത്തി പണം അടച്ച ആള്‍ക്ക് രശീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്. വസ്തുത മനസ്സിലാക്കി പ്രസ്താവന തിരുത്തുമെന്നാണ് കരുതുന്നതെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
