കാസര്‍കോട്: ആഫ്രിക്കന്‍ രാജ്യമായ ടോഗോയിലെ ലോമെ തുറമുഖത്തു നിന്നു കാമറൂണിലേയ്ക്കു പോകുന്നതിനിടയില്‍ കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പല്‍ ജീവനക്കാരെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ കുടുംബങ്ങള്‍. കാസര്‍കോട് ജില്ലയിലെ പനയാല്‍, കോട്ടപ്പാറയിലെ രജീന്ദ്രന്‍ ഭാര്‍ഗവന്‍ (35), കൊച്ചി സ്വദേശിയായ ഒരാള്‍ ഉള്‍പ്പെടെ പത്തു പേരെയാണ് കടല്‍ കൊള്ളക്കാര്‍ റാഞ്ചിക്കൊണ്ടുപോയത്. ഇവരില്‍ ഏഴുപേരും ഇന്ത്യക്കാരാണ്. ബേക്കല്‍, കോട്ടിക്കുളം, ഗോപാല്‍പ്പേട്ട സ്വദേശിയായ രജീന്ദ്രന്‍ ഭാര്‍ഗവനും കുടുംബവും നാലുമാസം മുമ്പാണ് കോട്ടപ്പാറയില്‍ വീട് വാങ്ങി താമസം മാറിയത്. സെപ്തംബര്‍ 10ന് ആണ് അവധിയിലെത്തി വീണ്ടും കപ്പല്‍ കയറിയത്. ഭാര്യ ഒന്‍പതു മാസം ഗര്‍ഭിണിയാണ്. പ്രസവസമയത്ത് വീട്ടിലെത്താന്‍ കാമറൂണില്‍ ഇറങ്ങി നാട്ടിലേയ്ക്ക് വിമാനം കയറാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ജോലി ചെയ്യുന്ന ചരക്കു കപ്പലിനെ കൊള്ളക്കാര്‍ ആക്രമിച്ച് രജീന്ദ്രന്‍ ഉള്‍പ്പെടെയുള്ള 10 ജീവനക്കാരെ തട്ടികൊണ്ടുപോയത്. പാനമ രജിസ്‌ട്രേഷനുള്ള ‘പീറ്റുറിവര്‍’ എന്ന കമ്പനിയുടേതാണ് കപ്പല്‍. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മേരിടെക് ടാങ്കര്‍’ മാനേജ് മെന്റാണ് ചരക്ക് കടത്തിനു ഈ കപ്പല്‍ ഉപയോഗിക്കുന്നത്.
മാര്‍ച്ച് 17ന് ആണ് രജീന്ദ്രന്‍ ഏറ്റവും ഒടുവില്‍ വീട്ടുകാരെ ബന്ധപ്പെട്ടത്. അതിനു ശേഷം ബന്ധപ്പെട്ടില്ല. മാര്‍ച്ച് 18ന് കപ്പല്‍ കമ്പനി അധികൃതര്‍ രാജീന്ദ്രന്റെ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ബന്ദികളാക്കപ്പെട്ട ജീവനക്കാരുമായി കപ്പല്‍ കമ്പനി അധികൃതര്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ജീവനക്കാരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി, എം പി മാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ശുഭവാര്‍ത്തയ്ക്കുള്ള കാത്തിരിപ്പിലാണ് രജീന്ദ്രന്റെ കുടുംബവും നാട്ടുകാരും.
