കാസർകോട്: ബേക്കലിൽ ട്രെയിനിൽ നിന്നും തെറിച്ച് വീണ് മഹാരാഷ്ട്ര സ്വദേശി മരിച്ചു. മഹാരാഷ്ട്ര സകാലി സ്വദേശി പ്രകാശ് ഗണേഷ്മൽ ജയിൻ(65) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. മംഗള എക്സ്പ്രസ്സിലെ ബി 1 കോച്ചിലെ യാത്രക്കാരൻ ആയിരുന്നു ഇദ്ദേഹം. അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നാണ് വിവരം. വീഴുന്നത് കണ്ട് മറ്റു യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. തുടർന്നു നടത്തിയ തെരച്ചില്‍ ബേക്കൽ റെയിൽവേ സ്റ്റേഷന് സമീപം പരിക്കേറ്റ നിലയിൽ ആളെ കണ്ടെത്തി. ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
