ഭാഷാ വിവാദം: കര്‍ണ്ണാടകയില്‍ 12മണിക്കൂര്‍ ബന്ദ് തുടങ്ങി; ബല്‍ഗാവില്‍ വെള്ളിയാഴ്ചയും സംഘര്‍ഷം

ബംഗ്‌ളൂരു: കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ബല്‍ഗാവി (പഴയ ബല്‍ഗാം)യില്‍ ഒരു കര്‍ണ്ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ കണ്ടക്ടര്‍ മറാത്തി ഭാഷയില്‍ സംസാരിച്ചില്ലെന്നാരോപിച്ചുണ്ടായ അക്രമത്തിനെതിരെ കന്നഡ ഭാഷാനുകൂല വിഭാഗങ്ങളുടെ കൂട്ടായ്മയായ ഒക്കൂട്ട ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ കര്‍ണ്ണാടര ബന്ദ് രാവിലെ ആറുമണിക്കാരംഭിച്ചു. കര്‍ണ്ണാടകയില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുകയാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു.
ഒരു വിഭാഗം ഓട്ടോ റിക്ഷകളും ക്യാബുകളും സ്വകാര്യ ഡ്രൈവേഴ്‌സ് യൂണിയനുകളും ബന്ദിനെ അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ ബല്‍ഗാവിയില്‍ വെള്ളിയാഴ്ച വീണ്ടും ബസ് ജീവനക്കാര്‍ക്കെതിരെ മര്‍ദ്ദനമുണ്ടായി. യാത്രക്കാരോടു മറാത്തിയില്‍ മറുപടി പറഞ്ഞില്ലെന്നാരോപിച്ച് ഒരു കര്‍ണ്ണാടക കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദ്ദിച്ചു. ചിത്രദുര്‍ഗയില്‍ ഒരു കണ്ടക്ടറെ കരിവാരിത്തേച്ചു. ഈ സംഭവങ്ങള്‍ കര്‍ണ്ണാടക-മഹാരാഷ്ട്ര റോഡ് ഗതാഗതം സങ്കീര്‍ണ്ണമാക്കിയിരുന്നു.


യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും സുരക്ഷിതത്വം വരുത്തണമെന്നാവശ്യപ്പെട്ടു ഇരു സംസ്ഥാന സ്റ്റേറ്റ് ബസ് കോര്‍പ്പറേഷനുകളും അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ് നാമമാത്രമാക്കുകയും ചെയ്തിരുന്നു.
ബല്‍ഗാവിയില്‍ കര്‍ണ്ണാടക സ്റ്റേറ്റ് ബസ് ജീവനക്കാര്‍ക്ക് എതിരെയുണ്ടായ അക്രമത്തിനു പ്രതികാരമായി ചിത്രദുര്‍ഗ ഹിരിയൂരില്‍ ഒരു മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ഡ്രൈവറെ ഒരു സംഘം അക്രമിക്കുകയും അയാളെ കറുത്ത പെയിന്റടിക്കുകയും ചെയ്തു. അക്രമ സംഭവങ്ങളില്‍ പൊലീസ് നിരവധി പേരെ അറസ്റ്റു ചെയ്തു.
1956ലെ സംസ്ഥാന പുനര്‍ നിര്‍ണ്ണയം മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങളാണ് ബല്‍ഗാവിയില്‍ ഇപ്പോള്‍ അനിയന്ത്രിതമായി കൊണ്ടിരിക്കുന്നത്. കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തി ജില്ലയായ ബല്‍ഗാവി സംസ്ഥാന പുനര്‍നിര്‍ണ്ണയത്തില്‍ മഹാരാഷ്ട്രയില്‍ ലയിപ്പിക്കണമെന്ന് മറാത്തികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നു ഇക്കാര്യം പഠിച്ചു നടപടിയെടുക്കാന്‍ നിയോഗിക്കപ്പെട്ട മഹാജന്‍ കമ്മിഷന്‍ 1966ല്‍ ബല്‍ഗാം കര്‍ണ്ണാടകയുടെ ഭാഗമാണെന്നു വിധിച്ചു. ഈ നിലപാടില്‍ അതൃപ്തരായ മഹാരാഷ്ട്ര ഇതിനെതിരെ 2004ല്‍ സുപ്രിംകോടതിയെ സമീപിച്ചു.ഈ പരാതി സുപ്രീംകോടതി ഇപ്പോഴും ചുവപ്പു നാടയില്‍ കെട്ടിവച്ചിരിക്കുകയാണ്.
മാണ്ട്യയില്‍ 12 മണിക്കൂര്‍ ബന്ദിനോടനുബന്ധിച്ചു ബന്ദനുകൂലികള്‍ റോഡില്‍ക്കിടന്നു പ്രതിഷേധിക്കുന്നു. പലേടത്തും വാഹനങ്ങള്‍ റോഡരുകില്‍ നിറുത്തിയിട്ടിരിക്കുകയാണ്. കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റാന്റുകളില്‍ നിറുത്തിയിട്ടിരിക്കുന്നു. ഹുബ്ലി-ധര്‍വാഡ് ജില്ലകളില്‍ സമരം കാര്യമായ പ്രതികരണമുണ്ടാക്കിയിട്ടില്ലെന്നാണ് അവിടങ്ങളില്‍ നിന്നുള്ള രാവിലത്തെ റിപ്പോര്‍ട്ട്. അതേ സമയം ഹുബ്ലിയിലും ധാര്‍വാഡിലും ബന്ദ് പ്രകടമായിട്ടേയില്ലെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഘര്‍ഷമുണ്ടായേക്കാവുന്ന സ്ഥലങ്ങളില്‍ വന്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചു ക്രമസമാധാനം തകര്‍ക്കുന്ന തരത്തില്‍ ഏതെങ്കിലും ഭാഗത്തു നിന്നു നീക്കമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാവുമെന്നു ബംഗളൂരു പൊലീസ് കമ്മീഷണര്‍ ബി. ദയാനന്ദ മുന്നറിയിച്ചു. ബന്ദിനെ അനുകൂലിച്ച് പ്രകടനം നടത്തരുതെന്നു പൊലീസ് മുന്നറിയിച്ചിട്ടുണ്ട്. എന്നാല്‍ 11 മണിക്കു ടൗണ്‍ ഹാളില്‍ നിന്നു ഫ്രീഡം പാര്‍ക്കിലേക്കു റാലി നടത്തുമെന്നു സമര നേതാക്കള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അജ്മാനില്‍ പുതുതായി ആരംഭിക്കുന്ന കഫ്ടീരിയ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം; നിക്ഷേപമായി വാങ്ങിയ ആറുലക്ഷം തട്ടി, വടക്കുമ്പാട്ടെ യുവതിയുടെ പരാതിയില്‍ ദമ്പതികള്‍ക്കെതിരെ കേസ്

You cannot copy content of this page