കാസർകോട്: കുമ്പള മൊഗ്രാലിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൻ്റെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാസർകോട് അണങ്കൂർ ബെദിര സ്വദേശി ബി എം ഇബ്രാഹിമിൻ്റെ മകൻ നിയാസ് (42) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പിക്കപ്പ് വാൻ നിർത്തിയിട്ട് ക്രയിനിൽ ഇടിച്ചത്. ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾക്കായി നിർത്തിയിട്ടിരുന്ന ക്രെയിനിന്റെ പിന്നിലേക്ക് നിയാസ് ഓടിച്ചുവന്ന പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ നിയാസിന്റെ ഇരു കാലുകളും വാനിൽ കുടുങ്ങുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കാസർകോട് നിന്ന് എത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വാൻ വെട്ടിപൊളിച്ചു നിയാസിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബേത്തൂർ പാറയിലെ പലചരക്ക് വ്യാപാരി ഇബ്രാഹിമിന്റെയും സുബൈദയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. മക്കൾ: ബിഎൻ നൂസ, ഇബ്രാഹിം നദീം, മുഹമ്മദ് നാഫിസ്, നാസിയ മിർസ, നിഫ മെഹസിൻ. സഹോദരങ്ങൾ : അഷറഫ്, അസ്റീഫ, ഹാജിറ, ഹസീന.
