കണ്ണൂർ: കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണ(49)നെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പൊലീസ്. കൊലയ്ക്ക് മുൻപും ശേഷവും പ്രതി സന്തോഷ് ഫേസ്ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4:30ന് ‘കൊള്ളിക്കുക എന്നത് ആണ് ടാസ്ക്. കൊള്ളിക്കും എന്നത് ഉറപ്പ്’ എന്ന അടിക്കുറിപ്പോടെ തോക്കേന്തി നിൽക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇയാൾ കൊല നടത്തിയത്. കൊലക്കുശേഷം 7.20ന് വീണ്ടും പോസ്റ്റ് ഇട്ടു.
‘നിന്നോട് ഞാൻ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്…. എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’ എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും പ്രതി സന്തോഷും ക്ലാസ്മേറ്റ് ആണ്. ഇവർ തമ്മിൽ നല്ല അടുപ്പത്തിലാണെന്ന് പറയുന്നു. ഇതിന്റെ പേരിൽ നേരത്തെ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതായി നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച വൈകിട്ട് ആറരയ്ക്കാണ് നിർമ്മാണം നടക്കുന്ന രാധാകൃഷ്ണന്റെ വീട്ടിൽ വച്ച് പ്രതി കൊല നടത്തിയത്. വെടിയൊച്ച കേട്ട് പ്രദേശവാസികൾ വീടിനടുത്തേക്ക് പോയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടൻ തോക്കാണ് പ്രതി കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ലൈസൻസ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. പ്രദേശത്ത് കർഷകരക്ഷാ സേന എന്ന സേന രൂപീകരിച്ചിട്ടുണ്ട്. മലയോര മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ഇതിൽ തോക്കിന് ലൈസൻസുള്ളവരും ഇല്ലാത്തവരും ഉണ്ട്. സന്തോഷിന് തോക്ക് ലൈസൻസ് ഇല്ല എന്നാണ് കൂടെ ഉള്ളവരിൽ നിന്ന് വ്യക്തമാകുന്നത്. കൊലനടന്ന വിവരത്തെ തുടർന്ന് പൊലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പ്രദേശത്ത് നിന്ന് സന്തോഷിനെ കണ്ടെത്തുന്നത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. മിനി നമ്പ്യാർ ആണ് ഭാര്യ. അർപ്പിത്, അമർനാഥ് എന്നിവർ മക്കളാണ്.
