കണ്ണൂര്‍: കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിന് കാരണം ഇദ്ദേഹത്തിന്റെ ഭാര്യയുമായുള്ള സൗഹൃദം തകര്‍ന്നതു കാരണമാണെന്ന് എഫ്‌ഐആര്‍. കൊലയാളിയായ സന്തോഷും കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. ഇരുവരുടെയും സൗഹൃദം കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഭാര്യയെ കാണുന്നതിനും മിണ്ടുന്നതിനും സന്തോഷിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ രാധാകൃഷ്ണനോട് പകയായി. യുവതിയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. ആറ് മാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വെച്ചാണ് സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയായ യുവതിയും വീണ്ടും കണ്ടുമുട്ടിയത്. പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച ഇരുവരും വീണ്ടും അടുത്തു. വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരില്‍ പോയപ്പോള്‍ ഇരുവരും കൈകള്‍ കോര്‍ത്ത് നില്‍ക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റവും നടക്കുകയും സന്തോഷിനെതിരെ രാധാകൃഷ്ണന്‍ ഒരുമാസം മുമ്പ് പരിയാരം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ് സന്തോഷിനെ ഉള്‍പ്പെടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തിയാണ് രമ്യതയില്‍ കാര്യങ്ങള്‍ എത്തിച്ച് പറഞ്ഞുവിട്ടത്. എന്നാല്‍ പിന്നെയും യുവതിയും സന്തോഷും പരസ്പരം ബന്ധപ്പെടുകയും വാട്‌സാപ്പ് ചാറ്റ് തുടരുകയും ചെയ്തതോടെ കുടുംബബന്ധത്തില്‍ വീണ്ടും വിള്ളലുകള്‍ വീഴ്ത്തി. കഴിഞ്ഞ ദിവസം രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച സന്തോഷ് എന്റെ പെണ്ണിനെ ഞാന്‍ വിട്ടുതരില്ലെന്നും എനിക്ക് വേണമെന്നും ഭീഷണിസ്വരത്തില്‍ സംസാരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
