വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി: പൊലീസ്

കാസര്‍കോട്: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം സുഗമമാക്കുന്നതിനു ശക്തമായ ജാഗ്രത പാലിക്കുമെന്നും വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മാധ്യമ ഏകോപന സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പത്ര, ദൃശ്യമാധ്യമങ്ങളുമായി ബന്ധമില്ലാതെ വാര്‍ത്താ പ്രചാരണത്തിന് എന്ന പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുന്നതായി തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ പോലീസ് മേധാവി അറിയിച്ചു. വാഹനങ്ങളില്‍ മീഡിയ സ്റ്റിക്കര്‍ അനധികൃതമായി ഉപയോഗിക്കുന്നതും കര്‍ശനമായി തടയും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി. അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, അഡീഷണല്‍ എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, പി. ദാമോദരന്‍, കെ. കുമാരന്‍ നായര്‍, സിജു കണ്ണന്‍, പ്രദീപ് ജി.എന്‍ പ്രസംഗിച്ചു. ജില്ലയില്‍ മാധ്യമങ്ങളും പോലീസും തമ്മില്‍ നല്ല സൗഹൃദമാണെന്ന് യോഗം വിലയിരുത്തി. അനധികൃതമായി പ്രസ്സിന്റെ സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ പതിച്ച് ഉപയോഗിക്കുന്നത് ഒഴിവാക്കണം. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനെ പൊതുജനങ്ങളില്‍ നിന്നും ചിലര്‍ പണം വാങ്ങുന്ന പ്രവണതയെക്കുറിച്ച് മാധ്യമ സംഘടനകള്‍ തന്നെ പരാതിപ്പെട്ടിട്ടുണ്ട് . അത്തരത്തില്‍ ആരെങ്കിലും പണം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഭീഷണിയ്ക്ക് ഇരയായവര്‍ നേരിട്ട് പോലീസില്‍ പരാതി നല്‍കണമെന്നും ഈ വിഷയത്തില്‍ കൃത്യമായ നിയമനടപടി സ്വീകരിക്കുമെന്നും എ.എസ്.പി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page