കാസര്‍കോട്: പൊലീസ്, എക്സൈസ് വകുപ്പുകള്‍ സംയുക്തമായി കാഞ്ഞങ്ങാട് ഡി വൈ എസ് പി, ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍ ലഹരിവേട്ട നടത്തി. പുത്തരിയടുക്കം, മൂന്ന് റോഡ്, ചായ്യോത്ത് എന്നിവിടങ്ങളില്‍ അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. പുത്തരിയടുക്കത്ത് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ശേഖരമാണ് കണ്ടെത്തിയത്. 900 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. ഇവിടെയുള്ള പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നാണ് ഇവ പിടിച്ചെടുത്തത്. സംഭവത്തില്‍ അസം സ്വദേശി ജിയാദുല്‍ ഇസ്ലാം(29) പിടിയിലായി. നീലേശ്വരം എസ്.ഐ, അരുണ്‍ മോഹന്‍, കെ.വി രതീഷ്, പ്രദീപ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ എം മഹേന്ദ്രന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പ്രസന്നകുമാര്‍, വി ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന.
