ന്യൂഡല്‍ഹി: സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇവ വന്‍തോതിലുള്ള ലൈംഗിക അതിക്രമമായി കണക്കാക്കാനേ സാധിക്കൂ എന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. 11 വയസുള്ള കുട്ടിയുടെ മാറിടത്തില്‍ മോശമായി സ്പര്‍ശിച്ച രണ്ട് യുവാക്കളുടെ കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. 2021 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 11 വയസുള്ള കുട്ടിയെ പ്രതികള്‍ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും കാട്ടിയാണ് കേസെടുത്തിരുന്നത്. പവന്‍, രാഹുല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. തങ്ങള്‍ക്കെതിരെ പ്രാദേശിക കോടതി ബലാത്സംഗക്കുറ്റം ചുമത്തിയപ്പോള്‍ പ്രതികള്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതും പൈജാമ അഴിക്കാന്‍ ശ്രമിച്ചതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് ജസ്റ്റിസ് റാം മനോഹര്‍ നാരായണ്‍ മിശ്രയുടെ ബെഞ്ച് അറിയിച്ചു. പ്രതികള്‍ ബലം പ്രയോഗിച്ച് ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുത്തിരുന്നുവെന്നോ ഇരയെ നഗ്‌നയാക്കാന്‍ ഉദ്ദേശിച്ചിരുന്നുവെന്നോ സാക്ഷിമൊഴികള്‍ പൂര്‍ണമായി തെളിയിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗത്തിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്നും ബലാത്സംഗ ശ്രമവും അതിനുള്ള തയ്യാറെടുപ്പും വേറെ വേറെ കാര്യങ്ങളാണെന്നും ഇത് തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഐപിസി സെക്ഷന്‍ 354 (ബലംപ്രയോഗിച്ച് വസ്ത്രം അഴിച്ചുമാറ്റല്‍), പോക്സോ നിയമത്തിലെ 9/10 ( വന്‍ ലൈംഗിക അതിക്രമം) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റുചെയ്തത്.
