കാസര്‍കോട്: നാലു ഫോണുകളില്‍ നിന്നു വിളിച്ചും അശ്ലീല സന്ദേശങ്ങള്‍ അയച്ചും ശല്യപ്പെടുത്തുന്നുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ലായിക്കോട് വില്ലേജില്‍ താമസക്കാരിയായ ഭര്‍തൃമതിയുടെ പരാതിയില്‍ ചീമേനി പൊലീസാണ് കേസെടുത്തത്. 2024 ഫെബ്രുവരി ഒന്നു മുതല്‍ 2025 ഫെബ്രുവരി 26 വരെ രണ്ടു നമ്പരുകളില്‍ നിന്നു പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനു സംശയം ഉണ്ടാകുന്ന തരത്തിലുള്ള സന്ദേശങ്ങളും അശ്ലീല വീഡിയോകളുടെ ലിങ്കുകള്‍ അയക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. 2025 ഫെബ്രുവരി 23ന് ഭര്‍ത്താവ് കൂടെയുള്ളപ്പോള്‍ രാത്രി 10നും 11 മണിക്കും ഇടയില്‍ വിളിച്ച് ശല്യം ചെയ്യുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. നാലു നമ്പരുകള്‍ ഉപയോഗിച്ചാണ് ശല്യം ചെയ്തതെന്നും ആരുടെ നമ്പരാണ് ഉപയോഗിച്ചതെന്നു അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
